കൊച്ചി: നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്.
‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’, എന്ന ക്യാപ്ഷനോടെ ജോജുവിന്റെ ചിത്രവും പങ്കുവെച്ചായിരുന്നു ആഷിഖ് അബു താരത്തിന് പിന്തുണ അറിയിച്ചത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ദേശീയപാതാ ഉപരോധ സമരത്തിനെതിരെ ജോജു പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ജോജുവിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരുന്നത്. ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും ജോജുവിനെ ആ പ്രദേശത്ത് കാലു കുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വഴി മുടക്കിയുള്ള സിനിമാ ചിത്രീകരണം എറണാകുളം ജില്ലയില്‍ അനുവദിക്കില്ല എന്ന വാദവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള ചിത്രീകരണം അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു.
‘ലൊക്കേഷനുകളില്‍ ഗുണ്ടകളെ അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താല്‍ മര്‍ദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്,’ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞത്.
ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
നേരത്തെ കടുവ, കീടം എന്നീ സിനിമകളുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. റോഡ് കൈയ്യേറിയുള്ള ഷൂട്ടിംഗ്, സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.
എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള ഗസ്റ്റ് ഹൗസിലായിരുന്നു ശ്രീനിവാസന്‍ നായകനായ സിനിമയുടെ ചിത്രീകരണം. ഇവിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്.
കഴിഞ്ഞ ദിവസം പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമയുടെ സെറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.
അതേസമയം, ഒരു കലാകാരനെതിരായ അഭിപ്രായ വ്യത്യാസത്തെ ഒരു തൊഴില്‍ മേഖലയോട് ആകെയുള്ള വിദ്വേഷമായി മാറാന്‍ അനുവദിക്കരുതെന്ന് കാണിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കത്തയച്ചിരുന്നു.
കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് സിനിമാ ഷൂട്ടിംഗുകള്‍ തടസപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ രംഗത്തെത്തുന്നത്.