| Friday, 30th August 2024, 1:28 pm

ഫെഫ്കയിൽ നിന്ന് രാജിവെച്ച് ആഷിഖ് അബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫെഫ്കയിൽ നിന്ന് രാജി വെച്ച് സംവിധായകൻ ആഷിഖ് അബു. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് ആഷിഖ് അബു രാജിക്കത്ത് അയച്ചു. കഴിഞ്ഞ ദിവസസങ്ങളിൽ ബി. ഉണ്ണികൃഷ്ണനെതിരെ പരസ്യ വിമർശനവുമായി ആഷിഖ് അബു രംഗത്തെത്തിയിരുന്നു.

പിന്നാലെ ഫെഫ്കയും ആഷിഖ് അബുവിനെതിരെ വിയോജിപ്പ് അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഈ അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്ക് എത്തിച്ചത്. ഒളിഞ്ഞിരുന്നു ക്ലാസ് എടുക്കുന്ന പരിപാടി നിർത്തണമെന്നും തൊഴിൽ നിഷേധത്തിന് നേതൃത്വം നൽകിയ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് പുറത്താക്കണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയാണ് ആഷിഖ് അബുവിന്റേത്. സമൂഹത്തോട് യാതൊരു വിധത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാൻ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യാറാവുന്നില്ലെന്ന് ആഷിഖ് അബു നേരത്തെ പ്രതികരിച്ചിരുന്നു.

സിബി മലയിൽ,ബി. ഉണ്ണികൃഷ്ണൻ എന്നിവരെ കുറിച്ച് ആഷിഖ് തന്റെ രാജി കത്തിൽ പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള സംഘടനയുടെ മൗനത്തെയും ആഷിഖ് രൂക്ഷമായി കത്തിലൂടെ വിമർശിക്കുന്നുണ്ട്.

നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് താൻ രാജിവെക്കുന്നതായി അറിയിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ആഷിഖ് രാജി കത്ത് സമർപ്പിച്ചിട്ടുള്ളത്.

ആഷിഖ് അബുവിന്റെ രാജിക്കത്തിന്റെ പൂർണരൂപം

പ്രിയപ്പെട്ട സിനിമ സംവിധായക യൂണിയന്‍ അംഗങ്ങള്‍ അറിയുവാന്‍,

2009 ഒക്ടോബറില്‍ ഫെഫ്ക രൂപീകരിക്കുന്ന സമയം മുതല്‍ ഞാന്‍ ഈ സംഘടനയില്‍ അംഗമാണ്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ സംവിധായകരുടെ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടോ മൂന്നോ എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ പങ്കെടുത്തിട്ടുമുണ്ട്. 2012ല്‍ ഒരു സിനിമയുടെ നിര്‍മാതാവില്‍ നിന്ന് ലഭിക്കേണ്ട പണം സംബന്ധിച്ച എന്റെ പരാതിയില്‍ യൂണിയന്‍ ഇടപെട്ടത് തികച്ചും അന്യായമായാണ്. അതേ നിര്‍മാതാവിന്റെ മറ്റൊരു ചിത്രം നിര്‍മാണത്തിലിരിക്കെയാണ് ഞാനും ഇതേ പരാതിയുള്ള തിരക്കഥാകൃത്തുക്കളും പരാതി സംഘടനയില്‍ ഉയര്‍ത്തിയത്.

എന്നാല്‍ നിര്‍മാണത്തില്‍ ഇരിക്കുന്ന ഇതേ നിര്‍മാതാവിന്റെ സിനിമയുടെ റിലീസ് സമയത്തും ഫെഫ്കയില്‍ നിന്ന് ഈ തുകക്കുവേണ്ടി സമ്മര്‍ദം ഉണ്ടായില്ല. ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണ് ലഭിച്ചത്. പരാതിയില്‍ ഇടപെട്ട സംഘടന ഞങ്ങള്‍ക്കവകാശപ്പെട്ട തുകയുടെ 20 ശതമാനം കമ്മീഷനായി വേണം എന്നാവശ്യപ്പെട്ടു. ലഭിച്ച തുകയില്‍ നിന്ന് 20 ശതമാനം ആവശ്യപ്പെട്ടു.

ഫെഫ്കയുടെ ഓഫീസില്‍ നിന്ന് ഒരു ദിവസം ലഭിച്ചത് 3 ഫോണ്‍ കോളുകള്‍. വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുന്നത് അനീതിയാണെന്ന് ശ്രീ. സിബി മലയിലിനോട് ഞാന്‍ തര്‍ക്കം ഉന്നയിച്ചു.

അതേതുടര്‍ന്ന് ഞാനും സിബി മലയിലും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പണം കൊടുക്കണം എന്ന ഉറച്ച നിലപാടില്‍ സിബി മലയില്‍. തൊഴിലാളി സംഘടന പരാതിയില്‍ ഇടപെടുന്നതിന് കമ്മീഷന്‍ ചോദിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ എന്നോട് നിര്‍ബന്ധപൂര്‍വം പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. മനസില്‍ ശപിച്ചുകൊണ്ട് ഞാന്‍ ചെക്ക് എഴുതി കൊടുത്തുവിട്ടു. ഞാന്‍ മിണ്ടാതിരിക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണോ അതോ ചോദ്യം ചെയ്യപ്പെട്ടതില്‍ ഉള്ള പ്രതിഷേധമോ പിണക്കമോ കൊണ്ടാണോ എന്നറിയില്ല സിബി മലയില്‍ എന്റെ ചെക്ക് തിരിച്ചയച്ചു.

എന്റെ കൂടെ പരാതിപ്പെട്ട എഴുത്തുകാരായ മറ്റു രണ്ടുപേരുടെ പക്കലില്‍ നിന്ന് 20 ശതമാനം ‘സര്‍വീസ് ചാര്‍ജ് ‘ സംഘടന വാങ്ങി. എനിക്ക് നിര്‍മാതാവില്‍ നിന്ന് ലഭിക്കേണ്ട ബാക്കി 50 ശതമാനം തുകയുടെ കാര്യത്തില്‍ പിന്നീട് സംഘടന ഇടപെട്ടില്ല. ഇപ്പോഴും ആ പണം എനിക്ക് കിട്ടിയിട്ടില്ല.

ഈ ഘട്ടത്തില്‍ തന്നെ ഞാന്‍ സംഘടനയില്‍ നിന്നും അകന്നു. ഒരു തൊഴിലാളി സംഘടന എന്ന നിലയില്‍ വീണ്ടും വരിസംഖ്യയും ലെവിയും അടക്കുന്ന അംഗമായി തുടര്‍ന്ന് പോന്നു. എന്നാല്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരില്‍ പുറത്തിറങ്ങുന്ന കുറച്ചു വാചക കസര്‍ത്തുകള്‍,പഠിച്ചിട്ടു പറയാം, വൈകാരിക പ്രതികരണങ്ങള്‍ അല്ല വേണ്ടത് എന്ന നിര്‍ദേശം, എന്നിവയൊക്കെ ഒരംഗം എന്ന നിലയില്‍ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു.

നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നതായി അറിയിക്കുന്നു,’ആഷിഖ് അബു കത്തിൽ പറയുന്നു.

Content Highlight: Ashiq Abu resigns from FEFKA

Latest Stories

We use cookies to give you the best possible experience. Learn more