തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിടെ ബി.ജെ.പിയും സി.പി.എം തമ്മില്‍ സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ധാരണയുണ്ട് എന്ന് ആരോപണം ഉയരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ അഭിനന്ദിച്ച് ആഷിക് അബു. നോണ്‍സെന്‍സ് ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിലെ കലയെന്നാണ് ആഷിക് അബു മുഖ്യമന്ത്രിയുടെ നടപടിയെ വിശേഷിപ്പിച്ചത്. അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ അഭിപ്രായം ഷെയര്‍ ചെയ്തായിരുന്നു വിഷയത്തില്‍ ആഷിക് അബു തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
‘സാമാന്യബുദ്ധി എന്നൊന്ന് ഇല്ലാതാകുമോ മനുഷ്യര്‍ക്ക്? മാധ്യമപ്രവര്‍ത്തനം ഒരര്‍ത്ഥത്തില്‍ ചോറും കച്ചവടവും ഒക്കെയാണ്, പല വിട്ടുവീഴ്ചകളും വേണ്ടിവരും. പക്ഷെ എല്ലാ മനുഷ്യരുടെയും സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരം ചോദ്യം ചോദിക്കാമോ?
ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ധാരണ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അത് അപ്പടി ചോദിക്കാന്‍ ഒരു ജേണലിസ്റ്റ്
ഏത് ഉത്തരം പറഞ്ഞാലും വിവാദമാകുന്ന കാലത്ത് പിണറായി വിജയന്‍ പറ്റിയ ഉത്തരം തന്നെ നല്‍കി’. എന്നായിരുന്നു വിഷയത്തില്‍ അഡ്വ.ഹരീഷ് വാസുദേവന്‍ പ്രതികരിച്ചത്.
തിങ്കളാഴ്ച്ച വൈകുന്നേരം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ധാരണയുണ്ട് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നണ്ടല്ലോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തക ഉന്നയിച്ചത്. എന്നാല്‍ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കാതെ 16 സെക്കന്റ് മിണ്ടാതിരിക്കുകയായിരുന്നു. സി.എം കേട്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ശേഷം മാത്രമാണ് മുഖ്യമന്ത്രി മറുപടി അര്‍ഹിക്കാത്തതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത് എന്ന് പറഞ്ഞത്.