തിരുവനന്തപുരം: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരായ ആക്രമണത്തെ അപലപിച്ച് നിര്‍മാതാവും സംവിധായകനുമായ ആഷിഖ് അബു. ഇത് ചെയ്തവരുടെ ലക്ഷ്യം പ്രകോപനമാണെന്നും അക്രമം നടന്നാല്‍ അവര്‍ ലക്ഷ്യത്തിലെത്തിയെന്നും ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അക്രമം കൊണ്ടൊന്നും തങ്ങള്‍ നിശബ്ദരാകില്ലെന്നും ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും യെച്ചൂരി പ്രതികരിച്ചിരുന്നു.
ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിന് മുന്നില്‍ വെച്ചാണ് യെച്ചൂരിയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.
വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം. വാര്‍ത്താസമ്മേളനത്തിനായി എത്തിയ യെച്ചൂരി പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്.
ആക്രമണത്തില്‍ താഴെ വീണ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷിക്കുന്നത്. അക്രമികളെ പൊലീസ് എത്തി ഉടനെ തന്നെ അറസ്റ്റു ചെയ്യുകയും ചെയ്തു.
എ.കെ.ജി ഭവനുചുറ്റും പൊലീസ് സുരക്ഷാ ഒരുക്കിയിരുന്നെങ്കിലും അതിനിടെ നുഴഞ്ഞുകയറിയെത്തിയ സംഘപരിവാറുകാരാണ് അക്രമണം നടത്തിയത്.
യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷയും ശക്തമാക്കിയിരുന്നു. കേരളാ ഹൗസിന് ചുറ്റും ബാരിക്കേഡുകള്‍സ്ഥാപിച്ചിരുന്നു.
അതേസമയം ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍ അല്ലെന്ന നിലപാടിലാണ് ബി.ജെ.പി. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ബി.ജെ.പി പറയുന്നത്.