കടപ്പാട് നല്‍കാതെ കോഴിക്കോട് ജില്ലയുടെ മാപ് വൈറസ് സിനിമയില്‍ ഉപയോഗിച്ചതിന് സംവിധായകനായ ആഷിഖ് അബുവും നിര്‍മ്മാതാവായ റിമ കല്ലിങ്കലും മാപ്പ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബുവും റിമയും മാപ്പ് പറഞ്ഞത്.
കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ജൈസണ്‍ നെടുമ്പാല നിര്‍മ്മിച്ച് വിക്കിമീഡിയ കോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ മാപ് സിനിമയില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലൂടെയാണ് കാണിച്ചിരിക്കുന്നത്.
വിക്കിമീഡീയ കോമണ്‍സിലുള്ള ചിത്രം ഉപയോഗിച്ചാണ് മാപിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് നിര്‍മ്മിച്ചതെന്നും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിനെക്കുറിച്ചുള്ള ധാരണക്കുറവ് മൂലവുമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത് എന്നും റിമയും ആശിഖും പറഞ്ഞു.
ആയതിനാല്‍ ജൈസണ്‍ നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുകയും ആ ചിത്രത്തിനുള്ള ആട്രിബ്യൂഷന്‍ അദ്ദേഹത്തിനാണെന്ന് അറിയിക്കുകയും ചെയ്യുന്നു എന്നാണ് സംവിധായകനായ ആഷിഖ് അബുവും റിമ കല്ലിങ്കലും ഫേസ്ബുക്കില്‍ കുറിച്ചത്.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പ്രവര്‍ത്തകനും വിക്കിപ്പീഡിയനുമാണ് ജൈസണ്‍ നെടുമ്പാല. മാപ്പിങ് രംഗത്തും വിക്കിപ്പീഡിയ, മലയാളം കമ്പ്യൂട്ടിങ് എന്നീ രംഗത്തും ജൈസണ്‍ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.