സിനിമ ചെയ്യുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതിലല്ല കാര്യം; റിമ പറയുന്നത് വ്യക്തിപരമായ അഭിപ്രായം: ആഷിഖ് അബു
Entertainment news
സിനിമ ചെയ്യുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതിലല്ല കാര്യം; റിമ പറയുന്നത് വ്യക്തിപരമായ അഭിപ്രായം: ആഷിഖ് അബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th April 2023, 10:28 pm

സിനിമ ചെയ്യുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതിലല്ല കാര്യമെന്ന് സംവിധായകന്‍ ആഷിഖ് അബു. സിനിമ ചെയ്യുന്നത് ആരാണെങ്കിലും അത് മുന്നോട്ട് വെക്കുന്ന ആശയം പുരോഗമനപരമാണെങ്കില്‍ സ്വാഗതം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമ ചെയ്യുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതിലല്ല കാര്യം. ആ സിനിമ എന്ത് സംസാരിക്കുന്നു എന്നാണ് ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് ഞാന്‍ നോക്കുന്നത്. സിനിമ സംസാരിക്കുന്ന ആശയം പുരോഗമനപരമാണെങ്കില്‍ അത് ആര് ചെയ്താലും ഉറപ്പായും സ്വാഗതം ചെയ്യപ്പെടണം,’ ആഷിഖ് അബു പറഞ്ഞു.

തന്റെ പങ്കാളി റിമ കല്ലിങ്കലിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. താന്‍ നേരിടുന്ന ലോകത്തെയല്ല റിമ നേരിടുന്നതെന്നും സ്ത്രീയെന്ന നിലയില്‍ അവരുടെ ലോകം വ്യത്യസ്തമാണെന്നും ആഷിഖ് പറഞ്ഞു. അതുകൊണ്ട് തന്നെ കൂടെ നില്‍ക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റിമ പറയുന്നത് റിമയുടെ വ്യക്തിപരമായ ആശയമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ജീവിതവും എന്റെ ജീവിതാനുഭവവുമല്ലല്ലോ റിമയുടേത്. ഞാന്‍ നേരിടുന്ന ഒരു ലോകത്തെ അല്ല റിമ നേരിടുന്നത്. ഒരു സ്ത്രീയെന്ന നിലക്ക് അവരുടെ ലോകം വളരെ വ്യത്യസ്തമാണ്. എനിക്ക് ചിലപ്പോഴത് മനസിലായെന്ന് തന്നെ വരില്ല.

അതൊക്കെ മനസിലാക്കാന്‍ പരിതിയുണ്ട്. നേരിട്ട് അനുഭവിക്കുന്ന ആളുകള്‍ക്കാണല്ലോ അതൊക്കെ മനസിലാകു. നമ്മളെയൊക്കെ സംബന്ധിച്ചിടത്തോളം ആ അനുഭവത്തിലൂടെ നമ്മളൊന്നും കടന്നുപോയിട്ടില്ല. അങ്ങനെ വരുമ്പോള്‍ കൂടെ നില്‍ക്കുക എന്നല്ലാതെ ഒന്നും നമുക്ക് ചെയ്യാനില്ല,’ ആഷിഖ് അബു പറഞ്ഞു.

content highlight: ashiq abu about women centric films in malayalam