| Sunday, 15th August 2021, 10:24 pm

പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാന്‍ ആളുണ്ടെന്ന് കരുതി എന്റെ നേര്‍ക്ക് വരേണ്ട; എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെതിരെ ഹരിത നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിന്റെ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ഹരിത നേതാവും തളിപ്പറമ്പ് സര്‍ സയിദ് കോളജിലെ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡന്റുമായ ആഷിഖ ഖാനം. പരാതികളുന്നയിച്ചതിന്റെ പേരില്‍ കബീര്‍ മനപ്പൂര്‍വം അപവാദകഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആഷിഖ പറഞ്ഞു.

ആഷിഖ ഖാനത്തെ കബീര്‍ മുതുപറമ്പ് അധിക്ഷേപിക്കുന്ന തരത്തിലുള്ള ശബ്ദരേഖ പുറത്തായിരുന്നു. രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങള്‍ തനിക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇവര്‍ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ആഷിഖ രംഗത്തെത്തിയത്. എന്താണ് ചാറ്റ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും തന്റെ വാട്ട്‌സാപ്പ് ക്ലിയര്‍ ചാറ്റ് ചെയ്തിട്ടില്ലെന്നും അത് പരിശോധിക്കാമെന്നും ആഷിഖ പറഞ്ഞു.

‘പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാന്‍ മുകളില്‍ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേര്‍ക്ക് വരേണ്ട,’ ആഷിഖ കൂട്ടിച്ചേര്‍ത്തു.

സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാന്‍ ലീഗ് നേതൃത്വം തയ്യാറാവണമെന്നും ആഷിഖ ആവശ്യപ്പെട്ടു.

നേരത്തെ സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ക്കെതിരെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് സംസ്ഥാന ഹരിത അംഗങ്ങള്‍ വനിത കമീഷന് പരാതി നല്‍കിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് കാണിച്ചാണ് ഇരുവര്‍ക്കുമെതിരെ ഹരിതയുടെ ഭാരവാഹികള്‍ പരാതി നല്‍കിയത്. മോശം പദപ്രയോഗങ്ങള്‍ നടത്തിയെന്നും ഹരിത നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റ് സംഘടനാകാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിച്ചപ്പോള്‍ നടത്തിയ ‘വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ’ എന്ന പരാമര്‍ശമാണ് പരാതി നല്‍കാന്‍ കാരണമായത്.

അതേസമയം പ്രശ്നപരിഹാരത്തിന് വേണ്ടി ലീഗ് നേതൃത്വം ശ്രമിക്കുന്നുണ്ട്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചാല്‍ നവാസിനെതിരെ നടപടി സ്വീകരിക്കാമെന്ന് ഹരിതാ നേതാക്കളോട് ലീഗ് പറഞ്ഞിരുന്നു.

എന്നാല്‍ നേരത്തെ തന്നെ നവാസിനെതിരെ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ ആലോചിക്കുകയുള്ളൂവെന്നുമായിരുന്നു ഹരിതാ നേതാക്കളുടെ മറുപടി.

ഇതിന് പിന്നാലെ ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടി സ്വീകരിക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനമാണെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പാര്‍ട്ടിക്ക് ലഭിച്ച പരാതിയില്‍ ഇരുവിഭാഗങ്ങളെയും കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതാണെന്നും ലഭിച്ച പരാതിയില്‍ തുടര്‍നടപടികള്‍ പരിഗണനയിലിരിക്കുകയായിരുന്നെന്നും സലാം പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ സംഘടനാപരിധിക്ക് പുറത്തേക്ക് കൊണ്ട് പോകുന്നതും വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്നും പി.എം.എ.സലാം വ്യക്തമാക്കി. എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.എന്‍.എ. കരീമും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ആഷിഖ ഖാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

മിസ്റ്റര്‍ കബീര്‍ മുതുപറമ്പ,
നിങ്ങള്‍ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാന്‍ വരരുത്. ഞാന്‍ വെല്ലുവിളിക്കുകയാണ് നിങ്ങളെ. എന്താണ് ഞാന്‍ നിങ്ങളുമായിട്ട് മോശമായിട്ട് ചാറ്റ് ചെയ്തത്.

സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മറ്റെന്തെങ്കിലും എന്നെങ്കിലും ഞാന്‍ നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ. എന്തര്‍ത്ഥത്തിലാണ് നിങ്ങള്‍ എനിക്കെതിരെ അപവാദ കഥകള്‍ മെനയുന്നത്.

നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനില്‍ക്കുന്നവര്‍ ഉണ്ടാവും, പക്ഷേ ആ കൂട്ടത്തിലേക്ക് എന്നെ കൂട്ടേണ്ട.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും ഞാനെന്റെ വാട്ട്‌സാപ്പ് ക്ലിയര്‍ ചാറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ മെസ്സേജ് ആണോ അതെല്ലാം ഇതില്‍ തന്നെ ഉണ്ട്.

പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാന്‍ മുകളില്‍ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേര്‍ക്ക് വരേണ്ട!
സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം!

ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നില്‍ക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധപതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റില്‍ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാല്‍ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..

പ്രിയപ്പെട്ട സംഘടനാ സുഹൃത്തുക്കള്‍ ക്ഷമിക്കുക, എന്റെ വ്യക്തിത്വത്തെയാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതിനെതിരെ എനിക്ക് പ്രതികരിച്ചേ മതിയാകൂ!


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ashikha Khanam Haritha MSF Kabeer Muthuparamba 

We use cookies to give you the best possible experience. Learn more