കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയായി ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ പേര് വെച്ചത് സാങ്കേതികമായി സംഭവിച്ച പിഴവെന്ന് ആഷിക് അബു. ട്വന്റി ഫോര്‍ന്യൂസിനോടായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം.
പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി നടത്തിയ കരുണ മ്യൂസിക് നൈറ്റിന്റെ പരിപാടിയില്‍ ജില്ലാ കലക്ടറെ ഫൗണ്ടേഷനെതിരെ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അത്തരം ആരോപണങ്ങളെന്നും നടനും സംവിധായകനുമായ ആഷിക് അബു പറഞ്ഞു.
താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് കളക്ടര്‍ നേരത്തെ പറഞ്ഞിരുന്നു. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന് ഉപയോഗിക്കരുത്. ഇനി ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞിരുന്നു.
അനുമതിയില്ലാതെയാണ് തന്റെ പേര് ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ ബിജിബാലിന് നോട്ടീസ് അയച്ചിരുന്നു.
പരിപാടിയില്‍നിന്നും ലഭിച്ച തുക ഫൗണ്ടേഷന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വിവരാവകാശ രേഖയെത്തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ ആരംഭിച്ചത്.
ആറര ലക്ഷത്തില്‍ താഴെ തുകമാത്രമാണ് പരിപാടിയില്‍നിന്നും പിരിഞ്ഞുകിട്ടിയതെന്നും മാര്‍ച്ച് 31 നകം തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും സംഘാടകരിലൊരാളായ ബിജിബാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം തങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ പരിപാടിയായിരുന്നെന്നും തങ്ങളുടെ കൈയിലെ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തതെന്നുമുള്ള വാദവുമായി ബിജിബാല്‍ രംഗത്തെത്തയിരുന്നു.