| Saturday, 4th November 2023, 11:45 am

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരൻ, ചെയ്തത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരൻ. എറണാകുളം പോക്സോ കോടതിയിൽ ജഡ്ജി കെ. സോമനാണ് വിധി പ്രഖ്യാപിച്ചത്. അസ്ഫാക്കിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും കോടതിയിൽ തെളിഞ്ഞു.

കേസിൽ ശിക്ഷാവിധി പ്രഖ്യാപനം വ്യാഴാഴ്ച (ഒക്‌ടോബർ 9) നടത്തും. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തതെന്ന് കോടതി കണ്ടെത്തി.

കൊലപാതകം, ബലാത്സംഗം, പോക്സോ അടക്കം പതിനാറ് വകുപ്പുകളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരുന്നത്. അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയായ കേസിൽ കുറ്റകൃത്യം നടന്ന് നൂറാം ദിനമാണ് വിധി വരുന്നത്. 26 ദിവസം കൊണ്ടാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്.

ദൽഹിയിലെ ഗാസിപുർ പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2018ൽ പത്തുവയസുകാരിയെ ബലാത്സംഗം ചെയ്തതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പെൺകുട്ടിയെ സുഹൃത്തിന് കൈമാറി എന്ന മൊഴി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും പ്രതി ഒറ്റക്കാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കേസിൽ 43 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. അസ്ഫാക്ക് കുട്ടിയുമായി പോകുന്നത് കണ്ടു എന്ന ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി താജുദീന്റെ മൊഴിയാണ് കേസിൽ നിർണായകമായത്.

പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ മടങ്ങൂവെന്ന് ആലുവയില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂലൈ 28നാണ് ബിഹാർ സ്വദേശിയായ അഞ്ച് വയസ്സുകാരിയെ പ്രതി അസ്ഫാക് ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.

CONTENT HIGHLIGHT: Ashfaq Alam proved guilty for the murder of 5 year old in Aluva

We use cookies to give you the best possible experience. Learn more