| Sunday, 23rd July 2023, 11:55 pm

മഴമേഘങ്ങള്‍ ഇംഗ്ലണ്ടിനെ ചതിച്ചു; തലയില്‍ കൈവെച്ച് ബെന്‍ സ്റ്റോക്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്ററിന്റെ ആകാശത്ത് ഉരുണ്ടുകൂടിയ മഴമേഘങ്ങള്‍ ഇംഗ്ലണ്ടിന്റെ ആഷസ് കിരീട പ്രതീക്ഷകള്‍ക്ക് മേല്‍ പേമാരിയായി പെയ്തിറങ്ങിയതോടെ നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിവസം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒരു പന്ത് പോലുമെറിയാന്‍ സാധിക്കാതെ വന്നതോടെ പരമ്പര ഓസ്ട്രേലിയ നിലനിര്‍ത്തി.

നിലവില്‍ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1ന് മുന്നിലാണ്. ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഇംഗ്ലണ്ട് ആ മത്സരം ജയിച്ചാല്‍ പോലും ആഷസ് ട്രോഫി ഓസ്ട്രേലിയ തന്നെ നിലനിര്‍ത്തും. സ്‌കോര്‍: ഇംഗ്ലണ്ട് 592. ഓസ്ട്രേലിയ 317 & 214/5.

അഞ്ചാം ദിനം ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് കൈയ്യിലിരിക്കേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനേക്കാള്‍ 61 റണ്‍സ് പിന്നിലായിരുന്നു കംഗാരുക്കള്‍. നാലാം ദിനം തുടക്കത്തിലെ തകര്‍ച്ച നേരിട്ട ഓസീസിന് മാര്‍നസ് ലബുഷെയ്‌ന്റെ (111) ഇന്നിംഗ്‌സ് മാത്രമാണ് അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കിയിരുന്നത്. ജയം വിളിപ്പാടകലെ നില്‍ക്കവെയാണ് ഇംഗ്ലണ്ടിന് മുന്നില്‍ മഴ വില്ലനായവതരിച്ചത്.

275 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഓസീസിന്റെ രണ്ടാമിന്നിങ്‌സും തുടങ്ങിയത് തകര്‍ച്ചയോടെയായിരുന്നു. 108 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഉസ്മാന്‍ ഖവാജ (18), ഡേവിഡ് വാര്‍ണര്‍ (28), സ്റ്റീവ് സ്മിത്ത് (17), ട്രാവിസ് ഹെഡ് (1) എന്നിവരാണ് പൊരുതാന്‍ നില്‍ക്കാതെ മടങ്ങിയത്.

ലബുഷെയ്ന്‍ പുറത്തായ ശേഷം മിച്ചല്‍ മാര്‍ഷും (31), കാമറൂണ്‍ ഗ്രീനും (3) ആയിരിന്നു ക്രീസിലുണ്ടായിരുന്നത്. നാലാം ദിവസം ഓസീസ് സ്‌കോര്‍ 214/5 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

നാലാം ദിനം തുടക്കത്തില്‍ തന്നെ ഓസീസിനെ പുറത്താക്കാനുള്ള ഇംഗ്ലീഷ് ടീമിന്റെ സ്വപ്‌നങ്ങളാണ് മഴയില്‍ ഒലിച്ചുപോയത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഓസീസിന്റെ 317നെതിരെ ഇംഗ്ലണ്ട് 592 റണ്‍സെടുത്തിരുന്നു.

Content Highlights: ashes test trophy retained by pat cummins and team

Latest Stories

We use cookies to give you the best possible experience. Learn more