വായടപ്പിച്ച് കുക്ക്; ഇംഗ്ലണ്ടിന് ലീഡ്
THE ASHES
വായടപ്പിച്ച് കുക്ക്; ഇംഗ്ലണ്ടിന് ലീഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th December 2017, 11:45 am

മെല്‍ബണ്‍: നാലാം ആഷസ് ടെസ്റ്റില്‍ ഒാസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ മറികടന്ന ഇംഗ്ലണ്ട് 98 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി.

വെറ്ററന്‍ താരം അലിസ്റ്റര്‍ കുക്കിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് ലീഡ് നേടിയെടുത്തത്. സ്‌കോര്‍: ഓസീസ് 327 ഇംഗ്ലണ്ട് 425/8.

നേരത്തെ മോശം ഫോമിന്റെ പേരില്‍ ഏറെ പഴി കേട്ട അലിസ്റ്റര്‍ കുക്ക് വിമര്‍ശകരുടെ വായടപ്പിക്കുന്ന ഇന്നിംഗ്‌സാണ് മെല്‍ബണില്‍ കാഴ്ചവെച്ചത്.

361 പന്തില്‍ 203 റണ്‍സെടുത്ത് കുക്ക് പുറത്താകാതെ നില്‍ക്കുന്നു. 30 പന്തില്‍ 22 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡാണ് കുക്കിനൊപ്പം ക്രീസില്‍. കുക്കിന് പുറമെ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോറൂട്ട് മാത്രമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.

രണ്ടാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെന്ന നിലയില്‍ കളിനിര്‍ത്തിയ ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റുകള്‍ വീഴ്ത്താന്‍ മൂന്നാം ദിവസം ഓസ്‌ട്രേലിയയ്ക്കായി. സ്റ്റോണ്‍മാന്‍(15), ജെയിംസ് വിന്‍സ്(17), ഡേവിഡ് മാലന്‍(14), ബെയര്‍‌സ്റ്റോ(22), മോയിന്‍ അലി(20), ക്രിസ് വോക്‌സ്(26), ടോം കുറാന്‍(4) എന്നിങ്ങനെയാണ് മറ്റു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

ഓസ്‌ട്രേലിയയ്ക്കായി ഹേസല്‍വുഡ്, നതാണ്‍ ലിയോണ്‍ എന്നിവര്‍ മൂന്നുവിക്കറ്റു വീതം നേടി. പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റുചെയ്ത് ഓസീസ് വാര്‍ണറിന്റെ സെഞ്ച്വറി മികവിലാണ് 327 റണ്‍സെടുത്തത്. സ്റ്റീവ് സ്മിത്ത്(76), ഷോണ്‍ മാര്‍ഷ്(61) എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി കുറിച്ചു.