|

മാച്ച് വിന്നര്‍ ഒപ്പമില്ലാതെ ചിരവൈരികളുടെ മടയിലേക്ക് ഓസീസ്; ആദ്യ പന്തില്‍ തന്നെ ഫോര്‍, കങ്കാരുക്കളുടെയും സിംഹങ്ങളുടെയും യുദ്ധത്തിന് ആരംഭം

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസിന്റെ 73ാം എഡിഷന് ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില്‍ തുടക്കമായി. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ചരിത്രപ്രാധാന്യമുള്ള ടെസ്റ്റ് പരമ്പരക്കാണ് തുടക്കമായിരിക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളും ഈ മത്സരത്തോടെ ആരംഭിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത് സ്‌കോര്‍ പടുത്തുയര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ടോസിന് ശേഷം സ്‌റ്റോക്‌സ് പറഞ്ഞു.

‘മികച്ച വിക്കറ്റാണിതെന്നാണ് തോന്നുന്നത്. ഞങ്ങള്‍ സ്‌കോര്‍ ബോര്‍ഡില്‍ കുറച്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കും,’ സ്റ്റോക്‌സ് പറഞ്ഞു.

സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക് ഇല്ലാതെയാണ് ഓസീസ് കളത്തിലിറങ്ങിയത്. സ്റ്റാര്‍ക്കിന് പകരം ജോഷ് ഹെയ്‌സല്‍വുഡിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

‘ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഇന്ത്യക്കെതിരായ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ ഇത് സ്‌ക്വാഡ് മെന്റാലിറ്റിയാണ്,’ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

അതേസമയം, ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ബാസ് ബോള്‍ ശൈലിയില്‍ തന്നെ ആക്രമിച്ചുകളിക്കുകയാണ്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് ഇംഗ്ലണ്ട് പോരാട്ടത്തിന് തുടക്കം കുറിച്ചത്.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 22 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. പത്ത് പന്തില്‍ നിന്നും 12 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങിയത്.

13 പന്തില്‍ നിന്നും 12 റണ്‍സുമായി സാക്ക് ക്രോളിയും മൂന്ന് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ഒലി പോപ്പുമാണ് ക്രീസില്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ് ഒലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ഒലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), നഥാന്‍ ലയണ്‍, ജോഷ് ഹെയ്‌സല്‍വുഡ്, സ്‌കോട് ബോളണ്ട്.

Content highlight: Ashes 2023, England won the toss and elect to bat first