|

ആശമാരുടെ ആനുകൂല്യം; കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടാനുള്ളത് 2023-24ലെ 636.88 കോടി രൂപ, പുകമറയുണ്ടാക്കുന്നത് 2024-25ലെ തുക നൽകിയെന്ന് പറഞ്ഞ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആശാ വർക്കർമാരുടെ വേതനകാര്യത്തിൽ പുകമറ സൃഷ്ടിച്ച് കേന്ദ്രസർക്കാർ. വേതന കാര്യത്തിൽ സംസ്ഥാനവും കേന്ദ്രവും ഉന്നയിക്കുന്നത് രണ്ട് കാലയളവിലെ കണക്കുകളാണ്.

2023-24 സാമ്പത്തികവർഷം  കേന്ദ്രം തടഞ്ഞുവെച്ച വിഹിതത്തിലെ കുടിശ്ശികയെ കുറിച്ചാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കുടിശ്ശികയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരിക്കുന്നത് 2024-25 വർഷത്തെ കണക്കുകളെ കുറിച്ചാണ്.

കേന്ദ്രം നിർബന്ധിച്ചതുപോലെ ആരോഗ്യ സ്ഥാപനങ്ങളുടെ കോ-ബ്രാൻഡിങ് സംസ്ഥാനം നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ 2023-24ൽ 636.88 കോടി രൂപ നൽകിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്ര ആരോഗ്യ പദ്ധതികൾക്കായി കേരളത്തിന് നൽകേണ്ട മുഴുവൻ തുകയും കേന്ദ്രം അനുവദിച്ചുവെന്ന വാദം തെറ്റാണെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

കേരളം ആവശ്യപ്പെടുന്ന കുടിശ്ശിക തുകയെക്കുറിച്ച് സംസാരിക്കാതെ പുതിയ വർഷത്തിൽ അനുവദിച്ച തുകയെപ്പറ്റി സംസാരിച്ച് പുകമറ സൃഷ്ടിക്കുകയാണ് കേന്ദ്രം.

ആശാ വർക്കർമാരുടെ വേതനത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുപോലെ സംഭാവന നൽകുന്നുണ്ട്.  60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് എൻ.എച്ച്. എം പ്രവർത്തിക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ ആശ പ്രവർത്തനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന എൻ.എച്ച്‌.എം പദ്ധതികൾക്ക് ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ആകെ 826 .02 കോടി രൂപയിൽ അടിസ്ഥാന സൗകര്യ പരിപാലനത്തിനും മറ്റ് ഗ്രാന്റുകൾക്കുമായി 189.15 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ആശാ വക്കർമാരുടെ ഇൻസെന്റീവുകൾ ഉൾപ്പെടെ ബാക്കി 636.88 കോടി രൂപ അനുവദിച്ചിട്ടില്ല. അതിപ്പോഴും കുടിശ്ശികയായി തുടരുകയാണ്.

കേന്ദ്ര ഫണ്ടിന്റെ അഭാവം മൂലം, സംസ്ഥാനത്തിന്റെ വിഹിതം ഉപയോഗിച്ചാണ് കേരളം എൻ.എച്ച്.എം പദ്ധതികൾ മുന്നോട്ട് കൊണ്ടുപോയത്. ഇക്കാലയളവിൽ ആശമാരുടെയടക്കം ഓണറേറിയം മുടങ്ങാതിരിക്കാൻ 215 കോടി സംസ്ഥാന സർക്കാർ അഡ്വാൻസായി ചെലവഴിച്ചിരുന്നു.

ഇത് മാത്രമല്ല, ഇക്കാലയളവിൽ , സൗജന്യ ചികിത്സകൾ, എൻ.എച്ച്. എം മുഖേന നിയമിക്കപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ശമ്പളം, ബയോമെഡിക്കൽ മാനേജ്‌മെൻ്റ്, കനിവ് 108 ആംബുലൻസ്, അമ്മയും കുഞ്ഞും പദ്ധതി തുടങ്ങിയവയെല്ലാം മുടങ്ങാതിരിക്കാൻ കേരള സർക്കാർ സംസ്ഥാന ഫണ്ട് വിനിയോഗിക്കുകയാണ് ചെയ്തത്.

അതേസമയം 2024-25 സാമ്പത്തിക വർഷത്തിൽ എൻ.എച്ച്.എം വിഹിതം അനുവദിച്ച് കേന്ദ്രം മുൻ വർഷത്തെ വിഹിതത്തെക്കുറിച്ച് മിണ്ടാതിരിക്കുകയാണ്. 2024-25 വർഷം ആശമാരുടെ ഇൻസെന്റീവിന് ഉൾപ്പെടെ 347.03 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടിയിരുന്നു. 2024 ജൂലൈ 26നാണ് ഈ സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവായ 102.9 കോടി കേന്ദ്രം അനുവദിച്ചത്.

കൂടാതെ 2005 മുതൽ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെ ആരോഗ്യസുരക്ഷ സംവിധാനത്തിന്റെ നട്ടെല്ലായി മാറിയ ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യവും കേന്ദ്രം തള്ളിക്കളയുകയാണ് ചെയ്തത്.

ആശാ വർക്കർമാരുടെ വേതനത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുപോലെ സംഭാവന നൽകുന്നതിനാൽ തന്നെ കേന്ദ്രത്തിന്റെ വിഹിതം നിർണായകമാണ്. ഫണ്ടുകളിലെ കാലതാമസമോ കുറവോ പലപ്പോഴും ഭാഗികമായോ വൈകിയതോ ആയ പേയ്‌മെന്റുകളിലേക്ക് നയിക്കും.

കേരളത്തിലെ ആശാ വർക്കർമാരുടെ ഓണറേറിയം 7,000 രൂപയാണ്, ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. എന്നാൽ സംസ്ഥാനത്തെ ഏതൊരു അവിദഗ്ധ ജോലിക്കും ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വേതനത്തേക്കാൾ വളരെ താഴെയാണിത്. വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ ഒറ്റത്തവണയായി നൽകിക്കൊണ്ട് ഓണറേറിയം 21,000 രൂപയായി ഉയർത്തുക എന്നതാണ് പണിമുടക്കുന്ന ആശാ വർക്കർമാരുടെ ഇപ്പോഴത്തെ ആവശ്യം.

Content Highlight: ASHA workers’ strike; Kerala is due Rs 636.88 crore from the Centre for 2023-24; creating a smokescreen by saying that the amount was given for 2024-25