| Monday, 31st March 2025, 11:30 am

തല മുണ്ഡനം ചെയ്തും, മുടി മുറിച്ചും ആശമാർ; സെക്രട്ടറിയേറ്റിൽ പ്രതിഷേധം കനപ്പിച്ച് ആശമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടികളിൽ തല മുണ്ഡനം ചെയ്തും, മുടി മുറിച്ചും പ്രതിഷേധം കനപ്പിച്ച് ആശാ വർക്കർമാർ. അനിശ്ചിത കാല രാപ്പകല്‍ സമരം 50ാം ദിവസത്തിലെത്തി നില്‍ക്കുമ്പോഴാണ് സമരത്തിൻ്റെ രൂപവും ഭാവവും മാറ്റി, പ്രതിഷേധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ആശമാർ നീങ്ങിയിരിക്കുന്നത്. 50ല്‍ അധികം ആശ വര്‍ക്കര്‍മാരാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്.

രാവിലെ 11:30 ഓടെയാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളായത്.

സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പത്മജ, ബീന എന്ന രണ്ട് ആശമാർ  തല മുണ്ഡനം ചെയ്തുകൊണ്ടാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കൾ വ്യക്തമാക്കി.

മുടിച്ച മുടി ഉയർത്തിപ്പിടിച്ചുകൊണ്ട്, അവകാശങ്ങൾ നേടാതെ അനന്തപുരിയുടെ മണ്ണിൽ നിന്നും തിരികെ പോകില്ലെന്ന മുദ്രാവാക്യം ഉയർത്തി ആശമാർ പ്രതിഷേധ റാലി നടത്തുകയാണ്.

ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് ആശമാർ അറിയിച്ചിരിക്കുന്നത്. 154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകൾ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷൻ പബ്ലിക് സർവീസ് ഇൻറർനാഷണൽ (പി.സി.ഐ) ആശ സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

അതേസമയം, ആശമാര്‍ നടത്തിവരുന്ന അനിശ്ചിത കാല നിരാഹാരം സമരവും തുടരുകയാണ്. ആശമാര്‍ നടത്തിവരുന്ന അനിശ്ചിത കാല നിരാഹാരം സമരവും തുടരുകയാണ്. എസ്.എസ് അനിതകുമാരി, ബീന പിറ്റർ, എസ്.ബി രാജി എന്നിവരാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് എസ്. ഷൈലജയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് രാജി സമരം ഏറ്റെടുക്കുകയായിരുന്നു.

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ കഴിഞ്ഞ 50 ദിവസങ്ങളായി സമരത്തിലാണ്. വേതനം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.

Content Highlight: Asha workers  shaves their  head and cuts  hair

We use cookies to give you the best possible experience. Learn more