| Wednesday, 14th February 2018, 7:12 pm

ആശ മാത്രം ബാക്കി, ആശാ പ്രവര്‍ത്തകരുടെ വേതനമിപ്പോഴും 2000 രൂപ

റെന്‍സ ഇഖ്ബാല്‍
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ പ്രാഥമികാരോഗ്യമേഖലയിലുണ്ടായ വിപ്ലവകരമായ മുന്നേറ്റത്തിന്റെ നട്ടെല്ലായ ഒരു കൂട്ടം മനുഷ്യരുണ്ട്, മാസം 500 രൂപയുടെ തുച്ഛമായ വേതനത്തില്‍ തുടങ്ങി ഇക്കാലയളവില്‍ 2000 രൂപ വരെ മാത്രം വരുമാനം ലഭിക്കുന്നവര്‍. ഇടത്പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു പക്ഷേ ഏറ്റവും സന്തോഷിച്ച ഒരു വിഭാഗം ഇവരായിരിക്കും-കേരളത്തിലെ ആശാ പ്രവര്‍ത്തകര്‍.
കൂലിത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദൈനംദിന വേതനം പോലും മാസവരുമാനം ഇല്ലാതെ കേരളത്തിന്റെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി അഹോരാത്രം ജോലി ചെയ്തവര്‍. ഇടത് സര്‍ക്കാര്‍ വന്നിട്ട് രണ്ട് ബജറ്റ് പിന്നിട്ടു. 7500 രൂപയെങ്കിലും മാസവരുമാനമാകുമെന്ന പ്രതീക്ഷയുണ്ട്. പക്ഷേ ആശ മാത്രമാണ് ബാക്കി. കൈയ്യിലിന്നും കിട്ടുന്നത് മാസം 2000 രൂപ.
“2000 രൂപ ഒന്നിനും തികയുന്നില്ല. നമ്മുടെ ജോലിക്ക് ഇത്ര വേതനം നല്‍കിയാല്‍ പോര,” എന്ന് പെരുവള്ളൂര്‍ പഞ്ചായത്തില്‍ ആശാ പ്രവര്‍ത്തകയായ ശ്യാമള  പറയുന്നു. കേരളം ആരോഗ്യ സൂചികയില്‍ മുന്‍പന്തിയിലേക്ക് കുതിക്കുമ്പോള്‍ അതില്‍ ആശാ പ്രവര്‍ത്തകരുടെ പങ്ക് ചെറുതല്ല.
അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് എന്നാണ് ആശാ എന്നതിന്റെ പൂര്‍ണരൂപം. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിനു കീഴില്‍ 2005ലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2012ല്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്ന് ഇതിനെ നാമമാറ്റം ചെയ്ത് ഗ്രാമങ്ങള്‍ക്ക് പുറമെ നഗരങ്ങളിലേക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു.
ഇവര്‍ പൊതു ആരോഗ്യ സേവന വകുപ്പിനെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. സര്‍വ്വേ നടത്തുക, പ്രതിരോധ കുത്തിവെപ്പുകള്‍ എല്ലാവരും എടുത്തു എന്ന് ഉറപ്പുവരുത്തുക, ആരോഗ്യ പ്രബോധന പരിപാടികള്‍ നടത്തുക, രോഗനിര്‍ണ്ണയം, സമൂഹത്തില്‍ ആരോഗ്യപരമായ അവബോധം ഉണ്ടാക്കുക എന്നിങ്ങനെ ഒട്ടനേകം കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ആശാ പ്രവര്‍ത്തകര്‍. “ഓരോ സര്‍വേക്കും ഏകദേശം 240ഓളം വീടുകളില്‍ പോകണം,” എന്ന് ആരിഫ പറയുന്നു. പത്ത് വര്‍ഷമായി ആരിഫ ആശാ പ്രവര്‍ത്തകയായിട്ട്.
 
 “നമുക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നമ്മള്‍ ആദ്യം വിളിക്കുന്നത് ആശാ പ്രവര്‍ത്തകരെയാണ്,” കാന്‍സര്‍ ബാധിതനായ നായാടിയുടെ പെന്‍ഷന്‍ ശെരിയാക്കിയതും അവരുടെ പ്രദേശത്തെ ആശാ പ്രവര്‍ത്തകയായ ആരിഫയാണ്. നായാടിയുടെ മകന്‍ വര്‍ഷങ്ങളായി രോഗബാധിതനാണ്. “ആശയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച് പ്രദേശത്തെ എല്ലാവരെയും നമുക്ക് നേരിട്ട് നല്ല പരിചയമാണ്, നമുക്ക് കഴിയുന്ന സഹായമെല്ലാം നമ്മള്‍ അവര്‍ക്കു വേണ്ടി ചെയ്തു കൊടുക്കുന്നു,” എന്ന് ആരിഫ പറയുന്നു. “നഴ്‌സ്മാരുടെ കൂടെ പ്രവര്‍ത്തിച്ച് നേടിയ അറിവും അനുഭവങ്ങളും വെച്ച് നോക്കുമ്പോള്‍ നിലവില്‍ ലഭിക്കുന്ന വേതനം വളരെ കുറവാണ്,” 2007 മുതല്‍ ആശാ പ്രവര്‍ത്തകയായ റുഫൈദ പറയുന്നു. 
 
ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്ന വേതനം മാസത്തില്‍ 2000 രൂപയാണ്. “കഴിഞ്ഞ വര്‍ഷം നമ്മുടെ വേതനം 7500 ആയി ഉയര്‍ത്തുമെന്ന് പറഞ്ഞിരുന്നു, എന്നാല്‍ ഇതുവരെ അതിനുള്ള നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പലപ്പോഴും ഞായറാഴ്ചയടക്കമുള്ള ദിവസങ്ങള്‍ നമുക്ക് പ്രവൃത്തിദിവസമാണ്,”  പെരുവള്ളൂരില്‍ ആശാ പ്രവര്‍ത്തകയായ ശ്യാമള പറയുന്നു.

ചിത്രം കടപ്പാട്: ദ ഹിന്ദു
2011 മുതല്‍ ആശ പ്രവര്‍ത്തകയായ രുഗ്മിണി സേവനം എന്ന നിലയില്‍ കണ്ടാണ് ആശാ പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ അതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടായിരുന്നുള്ളു എന്നതിനാല്‍ കൂടെ വേറെയും ജോലി ചെയ്യാനുള്ള സമയം ഇവര്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സമയവും ഇവര്‍ ആശാ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്രതരാണ് എന്നാണ് ആശ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്. ഈ അവസ്ഥയില്‍ നിലവില്‍ നല്‍കുന്നത് ന്യായമായ വേതനമല്ല എന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. വാര്‍ഡ് തലത്തില്‍ അടക്കം എന്ത് ആവശ്യത്തിന് വിളിക്കുമ്പോഴും ആശാ പ്രവര്‍ത്തകര്‍ തയ്യാറായി നില്‍ക്കണം. “അതുകൊണ്ടു തന്നെ നമ്മളുടെ മറ്റു വരുമാനങ്ങളെല്ലാം നിലച്ചു,” എന്ന് രുഗ്മിണി പറയുന്നു.
സര്‍ക്കാര്‍ ഇവരുടെ വേതനം 7500 രൂപ ആക്കുമെന്ന് ഉറപ്പുണ്ടെന്ന് ആശാ വര്‍ക്കേഴ്‌സ് സംസ്ഥാന ഫെഡറേഷന്റെ പ്രസിഡന്റായ പി പി പ്രേമ പറയുന്നു. ഫെഡറേഷന്റെ സമരങ്ങളുടെ ഫലമായി ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കുള്ളില്‍ നിന്ന് 2000 രൂപയെ ഈ ബഡ്ജറ്റില്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചുള്ളു എന്നും ഘട്ടം ഘട്ടം ആയി അത് വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചതായി പ്രേമ പറഞ്ഞു.
25,774 ആശാ പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളമുണ്ട്. 7500 രൂപ ഒറ്റതവണയായി വര്‍ധിപ്പിക്കുമ്പോള്‍ 30 കോടിയിലേറെ ഇതിനായി നീക്കി വെക്കേണ്ടതായി വരും. അതുകൊണ്ടു ഘട്ടം ഘട്ടം ആയി വര്‍ധിപ്പിക്കാം എന്ന ധാരണയില്‍ ഫെഡറേഷന്‍ യോജിച്ചു. കഴിഞ്ഞ മെയ് 23നാണ് അനുരഞ്ജന ചര്‍ച്ച നടന്നത്. ഇനിയും ഉടനെ തന്നെ വര്‍ദ്ധനവ് വരുമെന്ന പ്രത്യാശയിലാണ് ഫെഡറേഷന്‍. ഇപ്പോള്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് തന്നെ നിധി കിട്ടിയ പോലെയാണ് ആശാ പ്രവര്‍ത്തകര്‍ കാണുന്നത്, എന്നാണ് പ്രേമ പറയുന്നത്. കേന്ദ്രത്തിന്റെ സ്‌കീം ആണിതെങ്കിലും കേന്ദ്രത്തില്‍ നിന്ന് ഫണ്ട് വെട്ടിച്ചുരുക്കലാണ് നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് എന്നും പ്രേമ കൂട്ടിച്ചേര്‍ക്കുന്നു.
“സര്‍ക്കാര്‍ എന്നെങ്കിലും നമ്മളെ സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഞങ്ങള്‍,” എന്ന് രുഗ്മിണി പറയുന്നു.  എന്തൊക്കെയായാലും നമ്മള്‍ ആത്മസംതൃപ്തിയോടു കൂടിയാണ് ആശാ പ്രവര്‍ത്തനങ്ങള്‍ ചെയുന്നത് എന്ന് ആരിഫ കൂട്ടിച്ചേര്‍ക്കുന്നു. പത്തു വര്‍ഷത്തോളമായി ആശാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും. വേതനവര്‍ദ്ധനവ് സര്‍ക്കാര്‍ ഉടനെ നടപ്പിലാക്കും എന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇവര്‍.
റെന്‍സ ഇഖ്ബാല്‍

We use cookies to give you the best possible experience. Learn more