തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ ആശാവർക്കർമാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് കമ്മീഷന്റെ നിർദേശം.
എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കവെയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
രാജ്യത്ത് ശിശുമരണനിരക്കിൽ ഗണ്യമായ കുറവുണ്ടായത് ആശാ വർക്കർമാരുടെ സേവനം കൊണ്ടാണെന്നും പാർശ്വവത്ക്കരിക്കപ്പെട്ടവരെ പരിപാലിക്കുന്നവർ തന്നെ പാർശ്വവത്ക്കരിക്കപ്പെടുകയാണെന്നും മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. സമൂഹത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നവർക്ക് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത് വിരോധാഭാസമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. ആശാവർക്കർമാരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആശാ വർക്കർമാർക്ക് നിശ്ചിത പ്രതിമാസ ശമ്പളം, സാമൂഹിക സുരക്ഷ, പെൻഷനുകൾ, ശമ്പളത്തോട് കൂടിയ അവധി മുതലായവ നൽകണമെന്നും ഓണറേറിയങ്ങൾ മിനിമം വേതന ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ മനുഷ്യാവകാശ കമ്മീഷൻ മുന്നോട്ട് വെച്ചു.
കൂടാതെ ഇവർക്ക് ആരോഗ്യ ഇൻഷുറൻസ്, പ്രസവാനുകൂല്യങ്ങൾ, അപകട കവറേജ് എന്നിവ നൽകുക, സൗജന്യ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പി.പി.ഇ), ഗതാഗത അലവൻസുകൾ, ഫീൽഡ് സന്ദർശനങ്ങളിൽ വൃത്തിയുള്ള വിശ്രമ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ഉറപ്പാക്കുക എന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആശാ വർക്കർമാർ സമൂഹത്തിന് നൽകുന്ന സംഭാവനയ്ക്ക് ആനുപാതികമായി വേതനം നൽകുന്നില്ലെന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.
‘ഏറ്റവും കൂടുതൽ സംഭാവന നൽകുന്നവർക്ക് പലപ്പോഴും ഏറ്റവും കുറഞ്ഞ തുക മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് വിരോധാഭാസം. പൊതുജനാരോഗ്യവും മിനിമം വേതന നിർണ്ണയവും സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂത്രണവും കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നു. അതിനാൽ, ആശ വർക്കർമാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ സഹകരിച്ച് ശ്രമിക്കണം,’ അദ്ദേഹം പറഞ്ഞു.
വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ കഴിഞ്ഞ 12 ദിവസങ്ങളായി സമരത്തിലാണ്. ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു. വേതനം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.
എന്നാൽ രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തിൽ അനുനയനീക്കം തുടരുകയാണ്. എന്നാൽ ഓണറേറിയം വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ ആകില്ല എന്നാണ് ആശ വർക്കർമാരുടെ നിലപാട്.
Content Highlight: ASHA workers’ problems should be resolved immediately; The National Human Rights Commission intervened in the strike