|

ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണം; ഉത്തരവിറക്കി നാഷണൽ ഹെൽത്ത് മിഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നില്‍ 15 ദിവസത്തോളമായി രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ഉത്തരവിറക്കി നാഷണൽ ഹെൽത്ത് മിഷൻ.

ആശാ വർക്കർമാരെ ഏൽപ്പിച്ച ചുമതലകൾ അവർ ഉടൻ നിർവ്വഹിക്കണമെന്നും ഏതെങ്കിലും ആശാ വർക്കർ തിരികെ ജോലിയിൽ പ്രവേശിക്കാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ജനങ്ങൾക്ക് ആശമാർ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നകാര്യം മെഡിക്കൽ ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നാഷണൽ ഹെൽത്ത് മിഷൻ നിർദേശത്തിൽ പറയുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്.

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ കഴിഞ്ഞ 15 ദിവസങ്ങളായി സമരത്തിലാണ്. വേതനം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.

എന്നാൽ രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തിൽ അനുനയനീക്കം തുടരുകയാണ്. എന്നാൽ ഓണറേറിയം വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ ആകില്ല എന്നാണ് ആശാ വർക്കർമാരുടെ നിലപാട്.

അതേസമയം ആശാ വര്‍ക്കര്‍മാരുടെ സമരത്തെ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം തള്ളിപ്പറഞ്ഞിരുന്നു. ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് എളമരം കരീം തന്റെ വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

സമരത്തിന് പിന്നിൽ അരാജക സംഘടനകളെന്ന് ആരോപിച്ച എളമരം കരീം ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണെന്ന് വിമർശിച്ചു. തത്പരകക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് എളമരം കരീം പറഞ്ഞത്.

Content Highlight: Asha workers must immediately return to work; National Health Mission issued an order

Latest Stories