ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന ആശ വര്‍ക്കര്‍ മരിച്ചു. 42കാരിയായ വിജയലക്ഷ്മിയാണ് മരിച്ചത്.
ജനുവരി 19ന് വാക്‌സിന്‍ സ്വീകരിച്ച വിജയലക്ഷ്മിക്ക് ഉടന്‍ തന്നെ ശാരീരികാസ്വസ്ഥതകള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 21ന് ഇവര്‍ ബോധരഹിതയായി. പിന്നീട് ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.
തലച്ചോറിലുണ്ടായ സ്‌ട്രോക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചത്. മരണകാരണം വ്യക്തമായി അറിയുന്നതിനായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും പോസ്റ്റമോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് വിജയലക്ഷ്മിയുടെ മരണം സ്ഥിരീകരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചതാണ് വിജയലക്ഷ്മിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
ജില്ലാ കളക്ടര്‍ സാമുവല്‍ ആനന്ദ് കുമാര്‍ വിജയലക്ഷ്മിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. വിജയലക്ഷ്മിയുടെ മകന് ജോലിയും വീട് വെക്കാന്‍ സ്ഥലവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.