| Sunday, 16th June 2024, 6:17 pm

ക്രിക്കറ്റിൽ നിന്നും പലരും വിരമിക്കുന്ന പ്രായത്തിൽ മലയാളിയുടെ മാസ് അരങ്ങേറ്റം; ഇന്ത്യൻ ക്രിക്കറ്റിന് പുതിയ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ വിമണ്‍സും-സൗത്ത് ആഫ്രിക്ക വിമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ഇന്ത്യക്കായി മലയാളി താരം ആശാ ശോഭന തന്റെ ആദ്യ ഏകദിന മത്സരത്തില്‍ ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ആശാ ശോഭനയെ തേടിയെത്തിയത്. വിമണ്‍സ് ഏകദിനത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് മലയാളി താരം സ്വന്തമാക്കിയത്. തന്റെ 33ാം വയസിലാണ് ശോഭന ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിയുന്നത്.

ഇതിനുമുമ്പ് ടി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ താരം എന്ന നേട്ടവും ശോഭന സ്വന്തമാക്കിയിരുന്നു. മെയ് ആറിന് ബംഗ്ലാദേശിനെതിരെയുള്ള നാലാമത്തെ മത്സരത്തില്‍ ആയിരുന്നു മലയാളി താരം ഇന്ത്യയ്ക്കായി ആദ്യ മത്സരത്തിനിറങ്ങിയത്.

ഇതിനുപിന്നാലെ മറ്റൊരു ചരിത്ര നേട്ടവും ആശാ ശോഭന സ്വന്തമാക്കി. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ താരമായി മാറാനും ആശയ്ക്ക് സാധിച്ചു.

32ാം വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി ഏകദിനത്തില്‍ കളിച്ച ദിലീപ് ദോഷിയെ മറികടന്നു കൊണ്ടായിരുന്നു മലയാളി താരത്തിന്റെ മുന്നേറ്റം. ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് 36ാം വയസില്‍ അരങ്ങേറ്റം കുറിച്ച ഫാറൂക്ക് എന്‍ജിനീയറാണ്.

അതേസമയം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് സ്മൃതി മന്ദാന നടത്തിയത്. 127 പന്തില്‍ നിന്നും 117 റണ്‍സ് ആണ് സ്മൃതി നേടിയത്. 12 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

സ്മൃതിക്ക് പുറമെ ദീപ്തി ശര്‍മ 48 പന്തില്‍ 37 റണ്‍സും പൂജ വസ്ത്രാക്കര്‍ 42 പന്തില്‍ 31 റണ്‍സും നേടി നിര്‍ണായകമായി.

സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ അയാ ബോങ്ക ഖാക്ക മൂന്ന് വിക്കറ്റും മസാബാറ്റ ക്ലാസ് രണ്ട് വിക്കറ്റും അന്നറി ഡാര്‍ക്ക്സന്‍, നോണ്‍ കുലുലേക്കോ മ്ലാബ, നൊണ്ടുമിസോ ഷാമംഗസെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: Asha Shobhana create a new Record in Cricket

We use cookies to give you the best possible experience. Learn more