മക്കളുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് നടിയും നര്‍ത്തകിയുമായ ആശ ശരത്. ചെറുപ്പം മുതല്‍ എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം താന്‍ മക്കള്‍ക്ക് നല്‍കിയിരുന്നെന്നാണ് ആശ ശരത് പറയുന്നത്.
പ്രണയവും ക്രഷുമെല്ലാം മക്കള്‍ തന്നോട് തുറന്നുപറയാറുണ്ടെന്നും ആശ ശരത് പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. മകള്‍ ഒരിക്കല്‍ ഒരാളെ ഇഷ്ടമാണെന്ന് തന്നോട് വന്ന് പറഞ്ഞതിനെ കുറിച്ചും അന്ന് താന്‍ നല്‍കിയ മറുപടി കുറിച്ചുമെല്ലാം അഭിമുഖത്തില്‍ ആശ ശരത് പങ്കുവെക്കുന്നുണ്ട്.
‘വളരെ ഓപ്പണ്‍ അപ്പായി സംസാരിക്കാനുള്ള ഒരു ഫ്രീഡം ഞാന്‍ എന്റെ മക്കള്‍ക്ക് കൊടുത്തിട്ടുണ്ടായിരുന്നു. ഒരു ക്രഷ് തോന്നിയാല്‍ അത് എന്നോട് വന്ന് പറയുന്ന രീതിയായിരുന്നു എന്റെ മക്കള്‍ക്ക്. ‘അമ്മാ, ഞാന്‍ ഒരാളെ കണ്ടു. ആള്‍ നല്ല സുന്ദരനാണ്’ എന്ന് എന്നോട് വന്ന് പറയുന്ന ഒരു അടുപ്പവും സ്വാതന്ത്ര്യവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു.
എന്റെ മോള്‍ ഒരിക്കല്‍ എന്നോട് വന്ന് അവള്‍ക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു. വളരെ സീരിയസായിട്ടാണ് ഇത് വന്ന് പറയുന്നത്. ഒരു പ്രണയത്തിനുള്ള പ്രായം നിനക്കായോ എന്ന് നീ സ്വയം ചിന്തിക്കാനും മനസിലാക്കാനുമായിരുന്നു ഞാന്‍ അവളോട് പറഞ്ഞത്.
നീ ഇപ്പോള്‍ ഒരു കുട്ടിയാണ്, നിനക്ക് കുറച്ച് മെച്ച്യൂരിറ്റിയൊക്കെ ആയിട്ടല്ലേ അതിലൊക്കെ കാര്യമുള്ളു എന്ന് ഞാന്‍ അവളോട് ചോദിച്ചു. അവളോട് തന്നെ നന്നായി ഇരുന്ന് ആലോചിക്കാനും ഞാന്‍ പറഞ്ഞു. അവള്‍ ആലോചിച്ച ശേഷം ‘അമ്മ പറഞ്ഞത് ശരിയാണെന്ന്’ മറുപടി നല്‍കി.
അതാണ് ഞാന്‍ പറഞ്ഞത്, പ്രണയവും ക്രഷും തോന്നിയാല്‍ എന്റെ മക്കള്‍ എന്നോട് പറയും. ഒരു നല്ല ഭംഗിയുള്ള പയ്യനെ കണ്ടാല്‍, അമ്മാ നോക്കൂ നല്ല രസമില്ലേ എന്ന് പറയാനുള്ള അറ്റാച്ച്‌മെന്റുണ്ട്. അതാണ് നമ്മുടെ ഒരു രീതി. അങ്ങനെ അവര്‍ എന്ത് തോന്നിയാലും എന്നോട് തുറന്നുപറയുന്ന മക്കാളാണ് എനിക്കുള്ളത്,’ ആശ ശരത് പറയുന്നു.
പ്രണയം തോന്നാന്‍ പ്രായം ഒരു പ്രശ്നമാണോ എന്ന ചോദ്യത്തിനും ഈ അഭിമുഖത്തില്‍ ആശ ശരത് മറുപടി നല്‍കുന്നുണ്ട്. പ്രണയിക്കാന്‍ പ്രായമൊരു പ്രശ്നമല്ലെന്നും, എന്നാല്‍ വിവാഹിതരായവര്‍ പ്രണയിക്കുമ്പോള്‍സമൂഹത്തെക്കുറിച്ച് ചിന്തിക്കണമെന്നുമാണ് നടി പറഞ്ഞത്.
‘ഒരാള്‍ക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാല്‍ അതിന് പ്രായം ഒന്നും പ്രശ്നമല്ല എന്നാണ് ഞാന്‍ കരുതുന്നത്. അതൊക്കെ ഓരോ വ്യക്തികളുടെയും കാഴ്ച്പ്പടാണ്. പ്രായം കുറഞ്ഞ ഒരു ആണ്‍കുട്ടി തന്നേക്കാള്‍ പ്രായംകൂടിയ പെണ്‍കുട്ടിയെ പ്രണയിക്കുന്നതില്‍ ഒരു തെറ്റുമില്ല.
പണ്ട് കാലത്തായിരുന്നു ഇതൊക്കെ വലിയ പ്രശ്നമായി കരുതിയിരുന്നത്. ഇന്ന് പ്രണയിക്കാനും വിവാഹം കഴിക്കാനും ഒന്നും പ്രായം ഒരു പ്രശ്നമേ അല്ല. അതുപോലെ ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമാണ്, വിവാഹിതരായവര്‍ക്ക് പ്രണയിക്കാമോ എന്നത്. അങ്ങനത്തെ ചോദ്യം തന്നെ ആവശ്യമില്ല.
ആര്‍ക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതുകൊണ്ട് തന്നെ പ്രണയം തോന്നാനും സാധ്യതയുണ്ട്. കാരണം മനുഷ്യന്‍ മോണോഗമിക്ക് അല്ല, പോളിഗമിക്കാണ്. ഞാന്‍ കല്ല്യാണം കഴിഞ്ഞ ഒരാളാണ് അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല.
എന്നാല്‍ അവിടെയാണ് നമ്മള്‍ നമ്മുടെ അതിരുകള്‍ തീരുമാനിക്കേണ്ടത്. നമുക്ക് ഒരു കുടുംബമുണ്ടെന്നും, നമ്മള്‍ കമ്മിറ്റഡാണെന്നും ചുറ്റിലും ഒരു സമൂഹമുണ്ടെന്നും നമ്മള്‍ ചിന്തിക്കണം. നമുക്ക് ചുറ്റും നമ്മള്‍ സ്വയം ഒരു വര വരച്ചുവെക്കണം, അവിടെയാണ് കുടുംബഭദ്രതയിരിക്കുന്നത്,’ ആശ ശരത് പറഞ്ഞു.
Content Highlight: Asha Sharath talks about her relation with her children