| Saturday, 14th January 2023, 8:18 am

പാഷന് പിന്നാലെ പോകുന്നതിന് മുമ്പ് പെണ്‍കുട്ടികള്‍ സ്വന്തമായി ഒരു ജോലി നേടണം: ആശ ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കണമെങ്കില്‍ അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും വേണമെന്ന് നടി ആശ ശരത്. ആരൊക്കെ കൂടെയുണ്ടെന്ന് പറഞ്ഞാലും മറ്റുള്ളവരോട് പത്ത് രൂപ പോലും ചോദിക്കാതെ ജീവിക്കാന്‍ കഴിയുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും താരം പറഞ്ഞു.

പാഷന്റെയും സ്വപ്‌നങ്ങളുടെയും പിന്നാലെ പോകുന്നത് നല്ലതാണെന്നും എന്നാല്‍ അതിന് മുമ്പ് സ്വന്തമായി ഒരു ജോലി പെണ്‍കുട്ടികള്‍ക്ക് ആവശ്യമാണെന്നും ആശ ശരത് പറഞ്ഞു. അങ്ങനെ വരുമ്പോള്‍ മറ്റാരുടെയും പുറകെ പോകേണ്ടി വരില്ലെന്നും ഈ ആത്മവിശ്വാസം നല്‍കി വേണം പെണ്‍കുട്ടികളെ വളര്‍ത്താനെന്നും ആശ ശരത് പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

‘ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് പഠിത്തം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അടിസ്ഥാന വിദ്യാഭ്യാസമില്ലെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. വിവാഹം കഴിഞ്ഞ് ഭര്‍ത്താവും കുട്ടികളുമൊക്കെ ഉണ്ടെന്ന് പറഞ്ഞാലും നമുക്ക് നമ്മുടെ രണ്ട് കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ ഒരു പത്ത് രൂപ പോലും മറ്റൊരാളോട് ചോദിക്കാതെ സ്വയം നേടാന്‍ കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടിക്കുണ്ടാകുന്ന ആത്മവിശ്വാസം ചില്ലറയല്ല.

അതാണ് ഒരു പെണ്‍കുട്ടിക്ക് നമ്മള്‍ ആദ്യം കൊടുക്കേണ്ട ധൈര്യം എന്നുപറയുന്നത്. അച്ഛനും അമ്മയും അതാണ് ആദ്യം പഠിപ്പിച്ച് കൊടുക്കേണ്ടത്. അത് കഴിഞ്ഞിട്ട് അവര്‍ക്ക് അവരുടെ പാഷനും പ്രഫഷനുമൊക്കെ ഫോളോ ചെയ്യാം. സ്വന്തമായി തനിക്കൊരു ജോലിയുള്ളപ്പോള്‍, എനിക്ക് ഇങ്ങനെയൊരു പാഷനുണ്ട് അതിനെ ഫോളോ ചെയ്യണമെന്ന് പറയുമ്പോള്‍ ഒരു വിലയുണ്ട്.

അങ്ങനെ വരുമ്പോള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈസിയാണ്. നമ്മള്‍ ഒന്നിന്റെയും പുറകെ പോകേണ്ടി വരില്ല. നമുക്കൊരു തൊഴിലുണ്ട്, തനിക്ക് സ്വന്തമായി ജീവിക്കാന്‍ സാധിക്കും, എന്നാല്‍ എനിക്ക് എന്റെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ വേണ്ടി ഇടക്കൊരു സിനിമ അഭിനയിക്കണം നൃത്തം ചെയ്യണം എന്നാണെങ്കില്‍ അതാണ് ഒരു പെണ്‍കുട്ടിക്ക കിട്ടുന്ന ഏറ്റവും വലിയ കോണ്‍ഫിഡന്‍സ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ആശ ശരത് പറഞ്ഞു.

മനോജ് കാനയുടെ സംവിധാനത്തില്‍ തിയേറ്ററിലെത്തിയ ‘ഖെദ്ദ’ യാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ആശാ ശരത്തും മകള്‍ ഉത്തര ശരത്തും ഒരുമിക്കുന്നു എന്ന സവിശേഷതയും സിനിമക്കുണ്ട്. സുദേവ് നായര്‍, സുധീപ് കരമന തുടങ്ങിയവരണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഡിസംബര്‍ 2നാണ് തിയേറ്ററിലെത്തിയത്.

content highlight: asha sarath talks about her daughter

We use cookies to give you the best possible experience. Learn more