|

ഗീത പ്രഭാകര്‍ എന്നെ ഹോണ്ട് ചെയ്യുന്ന ക്യാരക്ടര്‍; പ്രേക്ഷകര്‍ എപ്പോഴും ഓര്‍മിപ്പിക്കും: ആശ ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തി വന്‍വിജയമായ ചിത്രമായിരുന്നു ദൃശ്യം. ജീത്തു രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍, ആശ ശരത്ത്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍താരനിരയായിരുന്നു ഒന്നിച്ചത്.

സിനിമയില്‍ ആശ ശരത്ത് ഐ.ജി. ഗീത പ്രഭാകര്‍ എന്ന ശക്തമായ കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. 2021ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും ആശ ശരത്ത് തന്നെയായിരുന്നു അഭിനയിച്ചത്. ഇപ്പോള്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പറയുകയാണ് നടി. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആശ ശരത്.

ദൃശ്യം 2വില്‍ മകന്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞതിന് ശേഷം അതന്വേഷിക്കുന്ന ഒരമ്മയാണ് ഞാന്‍. എവിടെ, എന്തുസംഭവിച്ചു, എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്ന ഒരമ്മയാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു വീണ്ടും ലാലേട്ടനൊപ്പം സെയിം കഥാപാത്രമായി അഭിനയിക്കുവാന്‍ അവസരം കിട്ടിയത്. അതില്‍ സന്തോഷമുണ്ടായിരുന്നു.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത് സിനിമയാണെങ്കിലും ആ സിനിമയോ കഥാപാത്രമോ മറന്നു പോയില്ലായിരുന്നു. പ്രേക്ഷകര്‍ എപ്പോഴും നമ്മളെ ഒരു പ്രാവശ്യമെങ്കിലും ഓര്‍മിപ്പിച്ചു കൊണ്ടിരുന്ന ഒരു സിനിമയായിരുന്നു ദൃശ്യം. എന്നെ എപ്പോഴും ഹോണ്ട് ചെയ്യുന്ന ഒരു ക്യാരക്ടര്‍ കൂടിയായിരുന്നു അത്.

അതുകൊണ്ട് ആ ഏഴു വര്‍ഷത്തില്‍ എന്നില്‍നിന്നും അകന്നുപോയ ഒരു കഥാപാത്രമായിരുന്നില്ല ദൃശ്യത്തിലേത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനായി ഒരു റീയൂണിയന്‍ എന്ന നിലയിലാണ് അന്ന് എല്ലാവരും ഒത്തുകൂടിയത്. അഭിനയിച്ച് ഫലിപ്പിച്ച് ആ കഥാപാത്രം മനസില്‍ നിന്നും പോയി, അതുകൊണ്ട് അതിനെ തിരിച്ചു കൊണ്ടുവരണം എന്നൊന്നും എനിക്ക് അന്ന് തോന്നിയിട്ടേയില്ല.

ദൃശ്യത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞിട്ട് ലാലേട്ടന്റ കൂടെ ഞാന്‍ രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചിരുന്നു. 1971 ബിയോണ്ട് ബോര്‍ഡേര്‍സ് എന്ന സിനിമയിലും ഡ്രാമ എന്ന സിനിമയിലും ആയിരുന്നു അത്. കൂടാതെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സും ചെയ്തിരുന്നു,’ ആശ ശരത് പറഞ്ഞു.

Content Highlight: Asha Sarath Talks About Drishyam2 And Her Character