ജയരാജിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഭയാനകം. രണ്‍ജി പണിക്കര്‍, ആശാ ശരത് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. എന്നാല്‍ സിനിമക്ക് അര്‍ഹിച്ച ജനപിന്തുണ ലഭിച്ചിരുന്നില്ല. അതില്‍ തനിക്ക് വിഷമമുണ്ട് എന്ന പറയുകയാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആശാ ശരത്.
‘നമ്മള്‍ ചെയ്ത എല്ലാ സിനിമകളും സാമ്പത്തികമായി വിജയിക്കണമെന്നില്ല. നല്ല സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ഒരു സങ്കടം ഉണ്ടാകും. പക്ഷെ അതെന്നെ ഭയങ്കരമായി ബാധിക്കാറില്ല. അത് എന്റെ സിനിമയേയോ, വ്യക്തി ജീവിതത്തെയോ ബാധിക്കാന്‍ പാടില്ല. നമ്മുടെ ജോലി അഭിനയമാണ്, സംവിധായകന്റെ സംതൃപ്തിക്കനുസരിച്ച് ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം.
നമ്മള്‍ ചെയ്‌തൊരു സിനിമ വിജയിച്ച് കാണണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ അത് പരാജയപ്പെടുക ആണെന്ന് കരുതുക. അത് അടുത്ത സിനിമയെ ബാധിക്കും എന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷെ മുമ്പ് പറഞ്ഞതുപോലെ വിഷമം ഉണ്ടാകും. പക്ഷെ അത് കാര്യമാക്കാറില്ല.
ഓരോ സിനിമക്കും ഓരോ വിധിയാണ്. ഒന്നും പറയാന്‍ സാധിക്കില്ല. ജയരാജ് സാറിന്റെ ഭായാനകം എന്ന സിനിമ ഞാന്‍ വളരെ കഷ്ടപ്പെട്ട് ചെയ്തതാണ്. ആ സിനിമക്ക് മൂന്ന് ദേശീയ പുരസാകാരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ആ സിനിമ എത്രപേര്‍ കണ്ടു. അത്രയും വലിയ ഒരു സിനിമ വളരെ കുറച്ച ആളുകള്‍ മാത്രമാണ് കണ്ടിരുന്നത്. അത്രയും നല്ല സിനിമകളൊക്കെ ആളുകള്‍ കാണാതെ പോവുന്നുണ്ട്,’ ആശാ ശരത് പഞ്ഞു.
മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം എന്നിങ്ങനെ ദേശീയ പുരസ്‌കാരവും, മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ഭയാനകം നേടി. എന്നാല്‍ തിയേറ്ററില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ സിനിമക്ക് സാധിച്ചില്ല. പൊതുവെ ഇത്തരം സിനിമകള്‍ക്ക് ഓഡിയന്‍സ് കുറവാണ് എന്നതാണ് ഇതിന്‌റെ പ്രധാന കാരണം.
മനോജ് കാനയുടെ സംവിധാനത്തില്‍ റിലീസിങ്ങിനൊരുങ്ങുന്ന ‘ഖെദ്ദ’ യാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ആശാ ശരത്തും മകള്‍ ഉത്തര ശരത്തും ഒരുമിക്കുന്നു എന്ന സവിശേഷതയും സിനിമക്കുണ്ട്. സുദേവ് നായര്‍, സുധീപ് കരമന തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു ചിത്രം ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തും.
content highlight: asha sarath about bhayanakam movie