മനുഷ്യന് ജീവശാസ്ത്ര പരമായിയുള്ള ലിംഗ വ്യത്യാസങ്ങളില്‍ നിന്ന് വിഭിന്നമായി സമൂഹം നിര്‍മിച്ചുിവെച്ചിരിക്കുന്ന ലിംഗപരമായ വ്യത്യാസങ്ങളെ അടയാളപ്പെടുത്താനാണ് പൊതുവെ നമ്മള്‍ ‘ജെന്‍ഡര്‍’ എന്ന പദം ഉപയോഗിക്കുന്നത്. ‘ജന്‍ഡര്‍’ എന്നത് ഒരു സാമൂഹ്യ നിര്‍മിതിയാണ്.
അതായത് ഒരേ ലിംഗ സ്വഭാവങ്ങളുമായി ജനിക്കുന്ന മനുഷ്യരെ ഏതെങ്കിലും ഒരു പ്രത്യേക സ്വഭാവത്തിലേക്ക് പരുവപ്പെടുത്തുന്നത് സമൂഹം ഓരോ ലിംഗത്തിനും കല്‍പിച്ച് വച്ചിരിക്കുന്ന സ്വഭാവ സവിശേഷതകളും ഉത്തരവാദിത്വങ്ങളും, അവകാശങ്ങളും പാലിക്കുന്നതിലും ശീലിക്കുന്നതിലൂടെയുമാണ്.
ഇതിന് സംസ്‌കാരം, മതം, സമൂഹത്തില്‍ ശക്തമായ മറ്റ് മൂല്യങ്ങള്‍ ഇവയൊക്കെ പ്രധാന പങ്കുവഹിക്കുന്നു. അതായത് ജീവശാസ്ത്രപരമായ ലിംഗവ്യത്യാസങ്ങളെ തികച്ചും അപ്രസക്തമാക്കി അല്ലെങ്കില്‍ അതിന് പ്രത്യേകമായി ഒരു പങ്കും ഇല്ലാത്ത ഒന്നാണ് ഈ സാമൂഹ്യ നിര്‍മിതിയായ ജെന്‍ഡര്‍.
വളരെ ശക്തമായ പുരുഷാധിപത്യ മൂല്യങ്ങള്‍ നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍ സാമൂഹ്യ നിര്‍മിതിയായ ലിംഗ വിവേചനത്തിന്റെ മോശം ഫലങ്ങള്‍ അനുഭവിക്കുന്ന വിഭാഗം സ്ത്രീകളാണ്.
സ്ത്രീ ശരീരം എന്നത് കേവല ലൈംഗീക വസ്തുക്കളായും പുരുഷന് വിധേയപ്പെട്ട് ജീവിക്കേണ്ട ശരീരങ്ങളായും കാണുന്ന സാമൂഹ്യ അവസ്ഥയില്‍ നിന്നാണ് സ്ത്രീയുടെ വസ്ത്രധാരണത്തെ പറ്റിയുള്ള സങ്കല്‍പങ്ങളും ഉണ്ടാകുന്നത്. സ്ത്രീ ശരീരം സദാചാരവും, വിശുദ്ധിയുമായൊക്കെ ബന്ധപ്പെടുത്തി വരുന്ന സാംസ്‌കാരിക അന്തരീക്ഷത്തിലാണ് സ്ത്രീ ശരീരത്തിനായി പ്രത്യേകമായ വസ്ത്രധാരണ രീതികള്‍ ഉണ്ടാകുന്നത്.
അത് ഭൂരിപക്ഷം സമയത്തും സ്ത്രീയുടെ ശരീര ചലനങ്ങളെ പരിമിതപ്പെടുത്തുന്നവ, വസ്ത്രം ധരിച്ചതിന് ശേഷവും അത് കൈകാര്യം ചെയ്യാനും സമൂഹം ഉദ്ദേശിക്കുന്ന രീതിയില്‍ നിലനിര്‍ത്താനും സമയം ചിലവഴിക്കേണ്ടി വരുന്നവ, കാലവസ്ഥ അനയോജ്യമല്ലാത്തവ അങ്ങനെ ഒരുപാട് പരിമിതികള്‍ ഉള്‍കൊളളുന്നവയാണ്. അതേ സമയം തന്നെ പുരുഷന് തന്റെ വസ്ത്രം അത്തരം ഒരു ബാധ്യത സൃഷ്ടിക്കുന്നില്ല. മാത്രമല്ല പുരുഷ ശരീരം അശ്‌ളീലമോ വസ്ത്രത്തെ നിരന്തരം നിയന്ത്രിച്ച് തന്റെ സ്വഭാവ ശുദ്ധി തെളിയിക്കേണ്ടതോ അല്ല. പക്ഷെ സ്ത്രീയെ സംബന്ധിച്ച് തലമുടി, മാറിടം, കൈകാലുകള്‍ , അങ്ങനെ ഏതാണ്ട് എല്ലാ ഭാഗങ്ങളും വിവിധ ലെയറുകളില്‍ വസ്ത്രം ധരിച്ച് മറച്ച് താനൊരു ‘നല്ല സ്ത്രീ’ ആണന്ന് തെളിയിക്കപ്പെടേണ്ടി വരുന്നുണ്ട്. ഇത്തരം വിവേചനങ്ങളില്‍ നിന്നാണ് സ്ത്രീ ശരീരത്തെ കേവല ലൈംഗീക വസ്തുക്കളായി കാണുന്ന വസ്ത്രശീലങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ‘ലിംഗ വിവേചന’ വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍നുള്ള നീക്കങ്ങള്‍ നടക്കുന്നത്.