| Saturday, 20th May 2023, 9:13 am

പരസ്യമായി സ്വയംഭോഗം ചെയ്യുന്ന പുരുഷന്‍ ജനിച്ച് വളര്‍ന്ന മൂല്യവ്യവസ്ഥയുടെ ഇര കൂടിയാണ്

ആശ റാണി

ജീവിതത്തില്‍ ഒരിക്കലെങ്കിലും ‘ഷോ മാന്‍’മാരെ കാണാത്ത സ്ത്രീകള്‍ കേരളത്തില്‍ കുറവായിരിക്കും. ഷോ മാന്‍ എന്നത് ലൈംഗിക അതിക്രമി എന്നതിനേക്കാള്‍ ഒരു സാമൂഹ്യ പ്രശ്‌നമാണ്. സമൂഹത്തില്‍ മുഴുവന്‍ ബാധിച്ച ഒരു മനോരോഗത്തിന്റെ ഭാഗമാണ് ഷോമാന്‍. പൊതു സ്ഥലങ്ങളില്‍ തീരെ അപരിചിതരായ സ്ത്രീകളുടെ പോലും നെഞ്ചിലേക്കും നിതംബങ്ങളിലേക്കും അനാവശ്യമായി പാളി വീഴുന്ന നോട്ടങ്ങള്‍ മുതല്‍ പരസ്യസ്വയംഭോഗ/അവയവ പ്രദര്‍ശനങ്ങള്‍ വരെ ഉളള വിവിധ നിലകളിലുളള അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരു സാമൂഹ്യ പ്രശ്‌നമാണത്.

തീര്‍ച്ചയായും ഇതിലൊക്കെ അസ്വസ്ഥതപ്പെടുന്നതും ഇര സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടേണ്ടി വരുന്നതും മനോരോഗികളല്ല സ്ത്രീകളാണ്. ഇത് പലപ്പോഴും ആണുങ്ങള്‍ കാണുന്നതും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടാണ്. അല്ലാതെ തങ്ങളുടെ കൂട്ടത്തിന്റെ ചികിത്സ വേണ്ട രോഗമായല്ല. അതുകൊണ്ട് തന്നെ ഷോമാനെ സ്വതന്ത്രമായി വിട്ട് സ്ത്രീകള്‍ക്ക് നിബന്ധനകള്‍ കഠിനമാക്കാനാണ് പലപ്പോഴും ശ്രമിക്കുക.

ആരാണ് ഇത്തരം മനോരോഗികളെ സൃഷ്ടിക്കുന്നത്? വളരെ ചെറുപ്പം മുതല്‍ സ്ത്രീ ശരീരം ലൈംഗിക ഇടം മാത്രമാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന നമ്മുടെ സദാചാര മൂല്യവ്യവസ്ഥയാണ് ഇതില്‍ പ്രധാനം. നഴ്‌സറി സ്‌കൂള്‍ മുതല്‍ വേര്‍തിരിച്ച് ഇരുത്തി ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ തമ്മില്‍ ആരോഗ്യകരമായ യാതൊരു ബന്ധവും അനുവദിക്കാത്ത എതിര്‍ലിംഗത്തോടുളള ഏതൊരു ബന്ധവും ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണുന്ന നമ്മുടെ വിദ്യാലയങ്ങളാണ് ഇത്തരം മനോവൈകല്യങ്ങളുടെ ഏറ്റവും വലിയ ഉത്പാദകര്‍.

ബസില്‍, സിനിമശാലയില്‍, പൂരപറമ്പില്‍ അങ്ങനെ എല്ലായിടത്തും ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍. ഇത്തരം ആക്രമണം ഉണ്ടാകുമ്പോഴും സമൂഹം ആദ്യം കുറ്റപ്പെടുത്തുന്നത് സ്ത്രീകളെയാണ് ‘എന്തിന് അവിടെ ഒറ്റക്ക് പോയി’ എന്ന ചോദ്യമാണ് വരുന്നത്. സ്ത്രീകളെ ആക്രമിക്കാന്‍ ഇറങ്ങുന്ന ഓരോ പുരുഷന്റേയും മനോധൈര്യത്തിന് വളമിട്ട് കൊടുക്കുന്നത് ഈ മനസ്ഥിതിയാണ്. സ്ത്രീ ശരീരം മൂടി വച്ചാണ് ലൈംഗികാതിക്രമങ്ങളെ തടയേണ്ടത്, അല്ലാതെ പുരുഷന്മാരില്‍ യാതൊരു നവീകരണവും നടത്താന്‍ തയ്യാറല്ല എന്ന പ്രാകൃത മൂല്യബോധമാണ് ജനാധിപത്യത്തിലും നടപ്പിലാക്കപ്പെടുന്നത്.

പരസ്യമായി സ്വയംഭോഗം ചെയ്യുന്ന പുരുഷന്‍ ലൈംഗിക അക്രമി ആയിരിക്കുമ്പോഴും അയാള്‍ ജനിച്ച് വളര്‍ന്ന പോഷിപ്പിക്കപ്പെട്ട മൂല്യവ്യവസ്ഥയുടെ ഇരകൂടിയാണ്. മൂടികെട്ടാത്ത സ്ത്രീ ശരീരം ലൈംഗികബന്ധത്തിനുളള ക്ഷണമായാണ് രോഗി മനസിലാക്കുന്നത്. ഒരാള്‍ പരസ്യമായി മുണ്ട് പൊക്കുമ്പോള്‍, പാന്റ്‌സിന്റെ സിബ്ബഴിക്കുമ്പോള്‍ അയാളെ ചുറ്റും നിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് അയാളില്‍ ചെറുപ്പം മുതല്‍ സ്ത്രീകളെ പറ്റി ഇത്തരത്തില്‍ ധാരണ പടര്‍ത്തിയ അധ്യാപകരുള്‍പ്പെടുന്ന സമൂഹമാണ്.

ആരോഗ്യകരമായ ആണ്‍-പെണ്‍ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുക, കാര്യക്ഷമമായ ലൈംഗിക വിദ്യാഭ്യാസം, ആരോഗ്യകരമായ മാനസിക വളര്‍ച്ചക്ക് ഉതകുന്ന കാര്യങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുക, സ്ത്രീ വിരുദ്ധതയേയും ലൈംഗിക അതിക്രമങ്ങളേയും പ്രോത്സാഹിക്കുന്ന വികലമായ സാമൂഹ്യ സദാചാര മൂല്യങ്ങള്‍ തെറ്റാണന്ന അവബോധം ഉണ്ടാക്കുക etc എന്നല്ലാതെ ഒരു പരസ്യ അവയവ പ്രദര്‍ശകനെ ഓടിച്ചിട്ട് ഇടിച്ചിട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടും സ്ത്രീകളെ ‘സഭ്യവസ്ത്രധാരണം’ പഠിപ്പിച്ചിട്ടും ഇതൊന്നും ഇല്ലാതെയാകുന്നില്ല.

Content Highlight: asha rani write up about the conditioning of society in making perverts

ആശ റാണി

എഴുത്തുകാരി

We use cookies to give you the best possible experience. Learn more