വ്യക്തികളുടെ സ്വകാര്യ അനുഭവ വിവരണങ്ങള്‍ ഉള്ളതുകൊണ്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് സമിതിയുടെ തന്നെ ശുപാര്‍ശ ഉണ്ടെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറയുന്നത്.
സ്വകാര്യ അനുഭവം എന്ന് പറഞ്ഞ് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി കൊടുത്തത് തീര്‍ച്ചയായും ലൈംഗീക പീഡനങ്ങളെ പറ്റി തന്നെയാകുമല്ലോ.
ലൈംഗീക പീഡന കേസുകളില്‍ ഇരയാക്കപ്പെട്ടവരല്ല മറഞ്ഞിരിക്കുകയും കല്ലേറ് കൊള്ളുകയും ചെയ്യേണ്ടത് മറിച്ച് അത് നടത്തിയവരാണ് ലജ്ജിക്കേണ്ടത് എന്നതാണല്ലോ ഭാവനയുടെ തുറന്നുപറച്ചിലും പൊതുവേദികളിലേക്ക് കൈയ്യടിയോടെ ആനയിക്കുകയും ചെയ്യുന്ന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കാര്യം. അല്ലെങ്കില്‍ ഇരയുടെ സ്വകാര്യത സംരക്ഷിച്ച് അബ്യൂസറെ തുറന്ന് കാണിക്കുന്നതിന് എന്ത് പ്രശ്‌നം?
മലയാള സിനിമയുടെ എല്ലാ കാലഘട്ടങ്ങളിലും സിനിമക്ക് ഒപ്പം തന്നെ ഉണ്ടായിരുന്ന ഒന്നാണ് സിനിമയിമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്ക് നേരെയുളള ശാരീരിക-മാനസീക-ലൈംഗീക പീഡനങ്ങള്‍.
താത്രിയുടെ സ്മാര്‍ത്ത വിചാരം പോലെ അവസാനം ‘രാജക്കന്മാരുടെ’ പേരുകള്‍ വരെ വിളിച്ച് പറയാന്‍ കാരണമായോക്കാവുന്ന ഒന്നാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട്. സിനിമയുമായി ഇന്ന് നേരിട്ട് ബന്ധമുളളവര്‍ക്ക് പുറമെ മണ്ണിനടിയില്‍ കിടക്കുന്ന അനശ്വര ചലച്ചിത്രകാരന്മാര്‍ കേരളത്തിലെ സാംസ്‌കാരിക, മാധ്യമ, സാഹിത്യ പ്രവര്‍ത്തകര്‍, സ്ഥലത്തെ പ്രധാന പണചാക്കുകള്‍ അങ്ങനെ സമൂഹത്തിലെ ക്രീമിലെയര്‍ പുരുഷന്മാര്‍ സൗകര്യപൂര്‍വം പതിറ്റാണ്ടുകളായി നടത്തി കൊണ്ടുപോയ സെക്‌സ് റാക്കറ്റിന്റെ ഒരു കണ്ണിപൊട്ടിക്കലാകും ഹേമ കമ്മറ്റി റിപ്പോര്‍ട്ട്.