തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് ഗവര്‍ണറെ കണ്ടു. സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ പരാതി നല്‍കാനാണ് ആശ ലോറന്‍സ് ഗവര്‍ണറെ കണ്ടത്. മകന്‍ ബി.ജെ.പി വേദിയിലെത്തിയതിന്റെ പ്രതികാരമായി തന്റെ ജോലി ഇല്ലാതാക്കാന്‍ സി.പി.ഐ.എം നേതാക്കള്‍ ശ്രമിക്കുന്നുവെന്ന പരാതി ഗവര്‍ണര്‍ക്കു കൈമാറിയെന്ന് ആശ ലോറന്‍സ് പറഞ്ഞു.
തന്നേയും മകനേയും സി.പി.ഐ.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആശയുടെ പരാതിയിലുണ്ട്. പരാതി അന്വേഷിച്ചു വേണ്ട നടപടിയെടുക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയാതായും ആശ പറഞ്ഞു.
ബി.ജെ.പി വേദിയില്‍ മകനെത്തിയതോടെ സിഡ്‌കോയിലെ ജോലി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് ആശ ഗവര്‍ണറെ അറിയിച്ചു. തനിക്കെതിരെ മറ്റുജീവനക്കാരില്‍നിന്നും സി.പി.ഐ.എം നേതാക്കള്‍ കള്ളപ്പരാതി എഴുതിവാങ്ങി എന്നും പരാതിയിലുണ്ട്. മകനേയും തന്നേയും സി.പി.ഐ.എം നേതാക്കള്‍ ഫോണില്‍ വിളിച്ച് ഉപദേശരൂപത്തില്‍ ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറോടു പരാതിപ്പെട്ടതെന്ന് ആശ പറഞ്ഞു.
രാവിലെ പതിനൊന്നേ മുക്കാലോടെയാണ് മകന്‍ മിലനുമൊത്ത് ആശ ലോറന്‍സ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. “മകന്‍ ബി.ജെ.പി വേദിയില്‍ പോയതിനുശേഷം ശത്രുതാ മനോഭാവത്തോടെയായിരുന്നു സിഡ്‌കോയിലേയും സി.പി.ഐ.എമ്മിലേയും ഉന്നതരുടെ പെരുമാറ്റം. ജോലിയില്‍നിന്നു പിരിച്ചുവിടാനും നീക്കം നടന്നു. കുത്തിയിരിപ്പുസമരം നടത്തിയതോടെയാണ് ഇതില്‍നിന്നു മാനേജ്‌മെന്റ് പിന്മാറിയത്. തനിക്കും മകനും സംരക്ഷണം തരണമെന്നും” ആശ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.
ബി.ജെ.പി സമരത്തില്‍ ആശയുടെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ മിലന്‍ പങ്കെടുത്തിരുന്നു. ശബരിമല വിഷയത്തിലെ പൊലീസ് അറസ്റ്റിനെതിരെ ബി.ജെ.പി തിരുവനന്തപുരത്ത് നടത്തിയ സമരത്തിനിടെയാണ് മിലന്‍ സമരപ്പന്തലില്‍ എത്തിയത്. ലോറന്‍സിന്റെ മകള്‍ ആശ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ജീവനക്കാരി ആയതിനാലാണ് അവര്‍ സമരപന്തലില്‍ എത്താത്തതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.