| Friday, 8th December 2023, 3:06 pm

അവന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാഗ്യമാണ്: അസ്ഗര്‍ അഫ്ഗാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ റാഷിദ് ഖാനെയും അദ്ദേഹം ടീമിന് നല്‍കിയ സംഭാവനകളെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. 2023 ഐ.സി.സി ലോകകപ്പില്‍ മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ കാഴ്ചവച്ചത്. വമ്പന്‍ അട്ടിമറികളിലൂടെ മുന്‍ ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെയും പാക്കിസ്ഥാനെയും ഇംഗ്ലണ്ടിനെയും തകര്‍ത്ത് വിജയം നേടിയവരാണ് അവര്‍.

ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ പ്രവേശനത്തിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും അഫ്ഗാനിസ്ഥാന്‍ വിജയത്തിന്റെ വക്കില്‍ ആയിരുന്നു. എന്നാല്‍ മാക്‌സ്വെല്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചപ്പോള്‍ കൈവന്ന വിജയം അഫ്ഗാന്‍ നഷ്ടപ്പെടുത്തുകയായിരുന്നു. എന്നിരുന്നാലും ആദ്യ ലോകകപ്പ് പ്രവേശനത്തില്‍ തന്നെ മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. 2015 മുതല്‍ അഫ്ഗാന്‍ ക്രിക്കറ്റിനുവേണ്ടി റാഷിദ് ഖാന്‍ മികച്ച സംഭാവനയാണ് ചെയ്തിട്ടുള്ളത്. താഴെ തട്ടില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്‍ ലോക ക്രിക്കറ്റിന്റെ ഉന്നതിയിലേക്ക് വളരുന്നത്.

അസ്ഗര്‍ അഫ്ഗാന്റെ നേതൃത്വത്തിലാണ് റാഷിദ് ഖാന്‍ കൂടുതലും ടീമില്‍ കളിച്ചിരുന്നത്. നിലവില്‍ ഹാഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്‍ നായകന്‍. എന്നാല്‍ അസ്ഗര്‍ അഫ്ഗാനിസ്ഥാന്‍ ടീം സെലക്ടര്‍ ആവുകയായിരുന്നെങ്കില്‍ എല്ലാ ഫോര്‍മാറ്റിലും റാഷിദ് ഖാനെ ക്യാപ്റ്റന്‍ ആക്കുമായിരുന്നെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മികച്ച ബാറ്റര്‍ എന്ന നിലയിലും ബൗളര്‍ എന്ന നിലയിലും റാഷിദ് ഖാന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു ഓവറില്‍ തന്നെ ആറ് വ്യത്യസ്ത പന്തുകള്‍ അറിയാന്‍ റാഷിദിന് കഴിയും.

‘ഓരോ ദിവസവും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്ന ഒരാളാണ് അവന്‍. മികച്ച രീതിയില്‍ എല്ലാം മനസ്സിലാക്കാനും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യാനും അവന്‍ തയ്യാറാണ്. ഏഴു വര്‍ഷത്തോളം അവന്‍ എന്റെ കൂടെയാണ് കളിച്ചത്. അവന്‍ വളരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ഓവറില്‍ ആറു വ്യത്യസ്ത പന്തുകള്‍ എറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് മികച്ചതാണ്. ഞാനായിരുന്നു സെലക്ടര്‍ എങ്കില്‍ അവനെ എല്ലാ ഫോര്‍മാറ്റിലും ടീമിന്റെ ക്യാപ്റ്റന്‍ ആക്കുമായിരുന്നു. അവന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാഗ്യമാണ്,’അദ്ദേഹം പറഞ്ഞു.

നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍ എന്നിങ്ങനെയുള്ള യുവതാരനിരക്ക് റാഷിദ് ഖാന്‍ മികച്ച മാതൃകയാണ്. പതിനേഴാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച റാഷിദ് എട്ടുവര്‍ഷത്തോളം ആയി ടീമില്‍ ഉണ്ട്. അഫ്ഗാനിസ്ഥാനിലെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് മികച്ച പ്രചോദനമാകും റാഷിദ് ഖാന്‍. ഒരു ലെഗ് സ്പിന്നറായി തന്റെ കരിയര്‍ ആരംഭിച്ച റാഷിദ് മികച്ച ഓള്‍റൗണ്ടറായി തുടരുകയാണ്. ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി കളിക്കുന്ന അദ്ദേഹം വൈസ് ക്യാപ്റ്റനായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതും

content highlights: Asghar Afghan on Rashid Khan

We use cookies to give you the best possible experience. Learn more