ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് ക്രിമിനല്‍ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ നേരത്തെ പോക്‌സോ കേസില്‍ പ്രതിയാണെന്ന് റൂറല്‍ പൊലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2018ല്‍ ദല്‍ഹിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിന് ശേഷമാണ് കേരളത്തിലേക്ക് ഇയാള്‍ വന്നത്. അസ്ഫാകുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു,
മറ്റേതെങ്കിലും കേസുകളില്‍ അസ്ഫാഖ് പ്രതിയായിരുന്നോ എന്ന കാര്യവും മറ്റ് സംസ്ഥാനങ്ങളില്‍ കേസുണ്ടോയെന്നും പരിശോധിക്കും. നിലവില്‍ ഇയാളുടെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രതി അസ്ഫാക് ആലം കുട്ടിയെ പീഡനത്തിനിരയാക്കി, കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കുട്ടിയുടെ ശരീരത്തില്‍ കയറ് മുറുക്കിയ പാടും, ശരീരത്തിലാകമാനം മുറിവുകളുമുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കുട്ടിയെ കാണാതായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അസ്ഫാക് കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് വ്യക്തമാകുകയും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയുമായി ഒരാള്‍ മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോകുന്നുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരഭാഗം ഒടിച്ച് ചാക്കിട്ട് മൂടിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് അഞ്ചുവയസുകാരിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന് വ്യക്തമായത്.
content highlight: Asfaq Alam accused in earlier POCSO case; The incident happened in Delhi in 2018