കണ്ണൂര്‍ സ്‌ക്വാഡില്‍ ഫൈറ്റ് രംഗത്തിലെ അടി മമ്മൂട്ടി ചോദിച്ച് വാങ്ങിയതാണെന്ന് അസീസ് നെടുമങ്ങാട്. സിനിമയില്‍ താന്‍ അമാനുഷികനല്ലെന്നും സാധാരണ പൊലീസ് ഓഫീസറാണെന്നും ഫൈറ്റ് മാസ്റ്ററിനോട് മമ്മൂട്ടി പറഞ്ഞുവെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയില്‍ ഒരു പയ്യന്‍ അടിക്കുന്ന അടി മമ്മൂക്കക്ക് കൊള്ളുന്നുണ്ട്. ആ അടി മമ്മൂക്ക ചോദിച്ചു വാങ്ങിയതാണ്. മമ്മൂക്ക ഫൈറ്റ് മാസ്റ്ററുടെ അടുത്ത് പറഞ്ഞു ‘ഞാന്‍ ഈ സിനിമയില്‍ അമാനുഷികനൊന്നുമല്ല, സാധാരണക്കാരനായ ഒരു പോലീസ് ഓഫീസര്‍ ആണ്’ എന്ന്.
ശരിക്കുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരുപാട് അടിയൊക്കെ കിട്ടിയിട്ടുണ്ട്. ജോസ് സ്‌കറിയ എന്ന എന്റെ ക്യാരക്ടറിന് തലയ്ക്ക് മുകളില്‍ ഒരു മുറിവ് ഉണ്ട്. അത് ശരിക്കുള്ള കണ്ണൂര്‍ സ്‌ക്വാഡില്‍ വന്ന ആളുടെ തലക്ക് മുകളില്‍ ഞാന്‍ ആ പാട് കണ്ടിരുന്നു. അത് കണ്ടിട്ടാണ് ഞാന്‍ റോണിയോട് പറഞ്ഞത് നമുക്ക് അങ്ങനെ ഒന്ന് വെച്ചാലോ എന്ന്. അപ്പോള്‍ റോണി അത് കൊള്ളാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ മുറിവ് വെച്ചത്.
സിനിമയില്‍ എന്റെ ഒരു സീനും കട്ടായി പോയിട്ടില്ല. പോയത് മുഴുവന്‍ റോണി ചേട്ടന്റേതാണ്. റോണി ചേട്ടന്‍ എഡിറ്റിന് ഇരുന്നപ്പോള്‍ പുള്ളിയുടെ രംഗങ്ങള്‍ തന്നെ കട്ട് ചെയ്യാന്‍ പറഞ്ഞു,’ അസീസ് നെടുമങ്ങാട് പറഞ്ഞു.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28നാണ് റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയമാണ് ചിത്രം സ്വന്തമാക്കിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 75 കോടി ആണ്. മമ്മൂട്ടി കമ്പനി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.
കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
Content Highlight: Aseez Nedumangadu about mammootty and Kannur squad fight scenes