| Wednesday, 18th October 2023, 9:56 pm

അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കണ്ണൂര്‍ സ്‌ക്വാഡ് വീഴുമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ടിന്റെ സമയത്ത് തങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്ന ഭയത്തെ പറ്റി പറയുകയാണ് അസീസ് നെടുമങ്ങാട്. സിനിമയിലെ യാത്രക്കിടയില്‍ നമ്മളോടൊപ്പം ജനങ്ങള്‍ വന്നിട്ടില്ലെങ്കില്‍ പടം വീഴും എന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെന്നും അത് അതുപോലെ തന്നെ സംഭവിച്ചുവെന്നും അസീസ് പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഷൂട്ട് ചെയ്യുന്ന സമയത്ത് സന്തോഷവും ഉണ്ടായിരുന്നു ഒപ്പം ഒരു ഭയവും ഉണ്ടായിരുന്നു. ആ ഭയത്തെപ്പറ്റി മമ്മൂക്കയും പറഞ്ഞിട്ടുണ്ടായിരുന്നു. കാരണം സിനിമയിലെ യാത്രക്കിടയില്‍ നമ്മളോടൊപ്പം ജനങ്ങള്‍ വന്നിട്ടില്ലെങ്കില്‍ പടം വീഴും എന്ന് പുള്ളി പറഞ്ഞു. സിനിമ കാണുന്ന ഓരോ മണവും നമ്മുടെ ടാറ്റാ സുമോയില്‍ ഉണ്ടെങ്കില്‍ നമ്മുടെ പടം വിജയിക്കുമെന്ന് മമ്മൂക്ക പറഞ്ഞു. അത് അതുപോലെ തന്നെ സംഭവിച്ചു,’ അസീസ് പറഞ്ഞു.

കണ്ണൂര്‍ സ്‌ക്വാഡിലെ ഒഴിവാക്കിയ രംഗങ്ങളെക്കുറിച്ചും അസീസ് സംസാരിച്ചിരുന്നു. ‘മാരക ഫൈറ്റ് ഉണ്ടായിരുന്നു. മമ്മൂക്കയുടെ കുറെ ഷോട്ടുകള്‍ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്തതിനു ശേഷം മമ്മൂക്കയുടെ വീട്ടില്‍ ചെന്ന് കാണിക്കുമല്ലോ. കാണിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞു ‘നമ്മുടെ സിനിമക്ക് ഇത്രയും വേണ്ട, ഇത്രയും ഈ സിനിമക്ക് പറ്റിയതല്ല’.

ആ ഫൈറ്റ് സീനുകളുടെ സമയത്ത് അദ്ദേഹത്തിനെ അമാനുഷികനായി തോന്നി. അതു കഴിഞ്ഞിട്ട് സാധാരണ മനുഷ്യനായി തോന്നും. മമ്മൂക്ക പറഞ്ഞു അത് വേണ്ട എന്ന്. മമ്മൂക്കയുടെ അതിഗംഭീരമായ ഫൈറ്റ് സീനുകള്‍ ഉണ്ടായിരുന്നു. അത് ഒഴിവാക്കിയപ്പോള്‍ സങ്കടമായി. നമ്മള്‍ ഫൈറ്റ് മാത്രം എഡിറ്റ് ചെയ്ത് കണ്ടപ്പോള്‍ അതിഗംഭീരമായിരുന്നു.

പക്ഷേ സിനിമയില്‍ നേരിട്ട് കണ്ടപ്പോള്‍ അത് ഒഴിവാക്കിയതില്‍ സങ്കടമുണ്ടായിരുന്നു. പക്ഷേ മമ്മൂക്ക അത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി അതൊക്കെ ഈ സിനിമക്ക് പറ്റിയ കാര്യങ്ങളല്ല എന്ന്.

രണ്ടാമത് സിനിമയില്‍ ആ പയ്യന്‍ അടിക്കുന്ന ഒരു അടി മമ്മൂക്കക്ക് കൊള്ളുന്നുണ്ട്. ആ അടി മമ്മൂക്ക ചോദിച്ചു വാങ്ങിയതാണ്. മമ്മൂക്ക ഫൈറ്റ് മാസ്റ്ററുടെ അടുത്ത് പറഞ്ഞു ‘ഞാന്‍ ഈ സിനിമയില്‍ അമാനുഷികനൊന്നുമല്ല, സാധാരണക്കാരനായ ഒരു പോലീസ് ഓഫീസര്‍ ആണ്’ എന്ന്,’ അസീസ് നെടുമങ്ങാട് പറയുന്നു.

Content Highlight: Aseez Nedumangad talks about the fear they all had during the Kannur squad shoot

We use cookies to give you the best possible experience. Learn more