|

ഞങ്ങള്‍ നാല് പേരും അമേരിക്കയില്‍ പോയ് കഴിഞ്ഞാല്‍ ജെയിംസ് ബോണ്ടാണെന്ന് പറയുമോ; താരതമ്യത്തെ കുറിച്ച് അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലും തമിഴിലും മുമ്പ് ഇറങ്ങിയ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളുമായി കണ്ണൂര്‍ സ്‌ക്വാഡിനെ താരാതമ്യം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്മാരായ അസീസ് നെടുമങ്ങാടും ശബരീഷ് വര്‍മ്മയും.

തമിഴില്‍ കാര്‍ത്തി നായകനായ തീരന്‍ സിനിമയേയും മലയാളത്തിലെ മമ്മൂട്ടിയുടെ തന്നെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമയായ സി.ബി.ഐയെയും കുറ്റവും ശിക്ഷയുമൊക്കെയായി കണ്ണൂര്‍ സ്‌ക്വാഡിനെ താരതമ്യപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു താരങ്ങള്‍ സംസാരിച്ചത്. അത്തരം താരതമ്യത്തിലൊന്നും കാര്യമില്ലെന്നും ഒരേ പശ്ചാത്തലത്തിലുള്ള സിനിമകള്‍ ഇറങ്ങുന്നത് സ്വാഭാവികമാണെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. മൂവിമാന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

‘കുറ്റവും ശിക്ഷയും തീരനും എല്ലാം യാത്ര ചെയ്തുകൊണ്ട് കേസ് അന്വേഷിക്കുന്ന ഴോണറിലുള്ള സിനിമകളാണ്. മലയാളത്തിലെ ചെമ്മീനും അമരവും ചമയവും ചാന്തുപൊട്ടുമെല്ലാം കടലിന്റെ പശ്ചാത്തലവുമായി ചേര്‍ന്ന് പോകുന്ന സിനിമകളല്ലേ. എന്നാല്‍ ഈ സിനിമകളിലൊക്കെയുള്ള അനുഭവങ്ങള്‍ വേറെയാണ്. ഒരു സിനിമ വന്നെന്ന് കരുതി അതേ പശ്ചാത്തലത്തിലുള്ള മറ്റ് സിനിമകള്‍ വരരുത് എന്നില്ല.

ഇന്‍വെസ്റ്റിഗേഷനല്ലേ ഇത്. അങ്ങനെയാണെങ്കില്‍ സി.ബി.ഐ സിനിമയൊക്കെ ഒരു ഭാഗം മാത്രം എടുത്തുകൊണ്ട് നിര്‍ത്തണമായിരുന്നല്ലോ. സി.ബി.ഐക്ക് വേറേയും കേസ് അന്വേഷിക്കേണ്ടേ. ഇതില്‍ തമിഴ്‌നാട് പൊലീസ് മാത്രമല്ല. കേരളത്തിലും പൊലീസ് നോര്‍ത്തില്‍ പോയി കേസന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടിക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും പോകുന്നുണ്ട്. അവിടെയുള്ളവര്‍ ഇവിടെ വന്ന് കേസ് അന്വേഷിക്കുന്നുണ്ട്. ഒറ്റ സിനിമയേ എടുക്കാന്‍ പറ്റുള്ളൂ എന്ന് പറയാന്‍ പറ്റില്ല.

പിന്നെ ചിലപ്പോള്‍ ഞങ്ങള്‍ നാല് പേരും ഇനി അമേരിക്കയില്‍ പോയ് കഴിഞ്ഞാന്‍ ചിലപ്പോള്‍ ജെയിംസ് ബോണ്ടായിപ്പോകുമോ(ചിരി)., അസീസ് നെടുമങ്ങാട് ചോദിച്ചു.

തീരന്‍ സിനിമയെ കുറിച്ച് നിങ്ങള്‍ പറഞ്ഞില്ലേ. തീരന്‍ കണ്ടിട്ടുള്ള മമ്മൂക്ക തന്നെയാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. അത് നമ്മള്‍ ചിന്തിക്കണം. മമ്മൂക്കയ്ക്ക് ഇതിലെ ചെറിയ ഒരു എലമെന്റ് ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കാം അദ്ദേഹം ഈ സിനിമ ചെയ്യാന്‍ തയ്യാറായത്.

ഈ സിനിമ ശരിക്കും എടുത്തിരിക്കുന്നത് ഒറിജിനലായിട്ടുള്ള കണ്ണൂര്‍ സ്‌ക്വാഡിനും ഇതുപോലുള്ള ഷാഡോ സ്‌ക്വാഡിനും ട്രിബ്യൂട്ട് ചെയ്യാന്‍ വേണ്ടി തന്നെയാണ്,’, അസീസ് നെടുമങ്ങാട് പറഞ്ഞു.

മമ്മൂക്കയ്‌ക്കൊപ്പമുള്ള യാത്രയൊക്കെ അടിപൊളിയായിരുന്നെന്നും ടൂറിന് പോയ പോലെ തന്നെയാണ് പോയതെന്നുമാണ് താരങ്ങള്‍ പറയുന്നത്. മൂന്ന് മാസം പോയത് അറിഞ്ഞിട്ടില്ലെന്നും ആദ്യം ഷൂട്ട് ചെയ്തത് എന്തായിരുന്നു എന്ന് ഓര്‍മപോലും ഉണ്ടായിരുന്നില്ലെന്നും ഇരുവരും പറഞ്ഞു.

Content Highlight: Aseez Nedumangad about Kannur squad and similar Movie