| Monday, 12th August 2024, 10:36 pm

അന്ന് ഏറെ കാണാന്‍ ആഗ്രഹിച്ച ആ മമ്മൂട്ടി ചിത്രം; അദ്ദേഹത്തിന്റെ അഭിനയം അത്രയേറെ പ്രിയപ്പെട്ടത്: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ല്‍ പുറത്തിറങ്ങി ആ വര്‍ഷം വലിയ വിജയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രത്തിന് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. മമ്മൂട്ടി നായകനായ സിനിമയില്‍ അസീസ് നെടുമങ്ങാടും അഭിനയിച്ചിരുന്നു. സി.പി.ഒ. ജോസ് സ്‌കറിയ ആയിട്ടാണ് അദ്ദേഹം കണ്ണൂര്‍ സ്‌ക്വാഡില്‍ എത്തിയത്. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് അസീസ്. സില്ലിമോങ്ക്സ് മോളിവുഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ട് ഞങ്ങളുടെ നാട്ടില്‍ ആശാന്‍ എന്ന് പറയുന്ന ആളുടെ വീട്ടില്‍ മാത്രമേ കേബിള്‍ കണക്ഷന്‍ ഉണ്ടായിരുന്നുള്ളു. അവിടെ എപ്പോഴും സിനിമ കാണുമായിരുന്നു. അദ്ദേഹം അവിടെ ആണുങ്ങളെ കയറ്റില്ല. എല്ലാം വികൃതി പിടിച്ച പിള്ളേരാകുമല്ലോ. പെണ്‍കുട്ടികളെ മാത്രമേ സിനിമ കാണാന്‍ വീട്ടില്‍ കയറ്റുള്ളു. ആ സമയത്ത് നമ്മള്‍ ജനല് വഴി ചെവിയോര്‍ത്ത് സിനിമയിലെ ഡയലോഗും പാട്ടും കേള്‍ക്കും.

അങ്ങനെ ഞാന്‍ കേട്ട ഒരു സിനിമയാണ് പപ്പയുടെ സ്വന്തം അപ്പൂസ്. അതിലെ സ്‌നേഹത്തിന്‍ പൂഞ്ചോല എന്ന പാട്ട് ഞാന്‍ അങ്ങനെയാണ് ആദ്യമായി കേള്‍ക്കുന്നത്. പിന്നെ എങ്ങനെയെങ്കിലും ആ സിനിമ കാണാണമെന്നായി. മമ്മൂക്കയുടെ അതിലെ അഭിനയം എനിക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു. കണ്ണൂര്‍ സ്‌ക്വാഡില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ മമ്മൂക്കയെ നോക്കിയിരിക്കുമായിരുന്നു.

ഈ സിനിമയൊക്കെയാണ് അപ്പോള്‍ ഓര്‍ക്കാറുള്ളത്. നമ്മുക്ക് അദ്ദേഹത്തെ കാണുമ്പോള്‍ കിട്ടുന്ന ഫീല്‍ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. മമ്മൂക്ക എന്നോട് എന്തെങ്കിലും പറയുമ്പോഴും ഞാന്‍ അങ്ങനെ നോക്കിയിരിക്കും. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും നമ്മളുടെ കണ്‍മുന്നിലൂടെ മിന്നിമറഞ്ഞ് പോകും. എപ്പോഴും അതും ഓര്‍ത്ത് നിന്നാല്‍ അഭിനയിക്കാന്‍ പറ്റില്ലല്ലോ. അതോര്‍ത്ത് ഞാന്‍ പേടിച്ചിട്ടുണ്ട്,’ അസീസ് നെടുമങ്ങാട് പറഞ്ഞു.


Content Highlight: Asees Nedumangad Talks About Pappayude Swantham Appus

We use cookies to give you the best possible experience. Learn more