മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥയെഴുതി റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി നായകനായ സിനിമയില്‍ അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ, കിഷോര്‍, വിജയരാഘവന്‍ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023ല്‍ പുറത്തിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡ് ആ വര്‍ഷം വലിയ വിജയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു.
സി.പി.ഒ. ജോസ് സ്‌കറിയയായി സിനിമയില്‍ എത്തിയത് അസീസ് നെടുമങ്ങാടായിരുന്നു. ടെലിവിഷന്‍ കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാള മിനി സ്‌ക്രീനിലേക്ക് എത്തിയ അസീസിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ പ്രകടനമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡിലേത്. ഇപ്പോള്‍ ആ സിനിമ കാണാന്‍ തിയേറ്ററില്‍ പോകാന്‍ തന്റെ ഉമ്മയെയും വാപ്പയെയും നിര്‍ബന്ധിച്ചതിനെ കുറിച്ച് പറയുകയാണ് അസീസ്. സില്ലിമോങ്ക്‌സ് മോളിവുഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഉമ്മക്ക് പണ്ട് ടി.വി. ഓണ്‍ ചെയ്യാന്‍ അറിയില്ലായിരുന്നു. വാപ്പാക്ക് അറിയാമായിരുന്നു. ഉമ്മ പലപ്പോഴും ‘എടാ ഓണ്‍ ചെയ്ത് താടാ’ എന്ന് എന്നോടാണ് പറയുക. അങ്ങനെയൊരു കാലഘട്ടത്തില്‍ വന്ന ആളാണ് ഞാന്‍. രണ്ടുപേരും എന്റെ സ്റ്റേജ് ഷോയൊന്നും കാണാന്‍ വരാറില്ല. ആളുകള്‍ ആ സമയത്ത് വാപ്പയോട് റോഡില്‍ വെച്ചൊക്കെ എന്നെ കുറിച്ച് പറയുമായിരുന്നു.
‘ഇന്നലെ അമ്പലത്തില്‍ ഹനീഫയുടെ മകന്റെ പരിപാടി ഉണ്ടായിരുന്നു കേട്ടോ. അത് കൊള്ളാമായിരുന്നു’ എന്ന് ആളുകള്‍ വാപ്പയോട് പറഞ്ഞു തുടങ്ങി. ഈ കാര്യം വാപ്പ ഉമ്മയോട് പറയും. എന്താണ് ഞാന്‍ ചെയ്യുന്നത് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. കാണാത്തത് കൊണ്ട് ആ ആകാംഷ അവര്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു.
പിന്നെ ഞാന്‍ ടി.വിയില്‍ വന്ന് തുടങ്ങിയതോടെ അവര്‍ ടി.വിയില്‍ എന്നെ കണ്ടുതുടങ്ങി. എന്റെ സ്‌റ്റേജ് ഷോകള്‍ അവര്‍ അങ്ങനെയാണ് കണ്ടു തുടങ്ങുന്നത്. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ ആണെന്ന് രണ്ടുപേര്‍ക്കും അറിയാം. പക്ഷെ രണ്ടുപേരും ഒരു സിനിമ പോലും കാണാന്‍ എന്റെ കൂടെ വന്നിട്ടില്ല.
കണ്ണൂര്‍ സ്‌ക്വാഡ് കാണാന്‍ വരണമെന്ന് പറഞ്ഞ് ഞാന്‍ രണ്ടുപേരുടെയും കാല് പിടിച്ചു. അപ്പോള്‍ ഇല്ലെന്ന് പറയും. മമ്മൂക്കയുടെ കൂടെ അഭിനയിച്ച പടമാണെന്ന് പറഞ്ഞിട്ടും വന്നില്ല. അവര് ആ സിനിമ ഏഷ്യാനെറ്റില്‍ വന്നപ്പോഴാണ് കാണുന്നത്. അങ്ങനെയുള്ള ഒരു ടൈപ്പാണ് എന്റെ ഉമ്മയും വാപ്പയും,’ അസീസ് നെടുമങ്ങാട് പറഞ്ഞു.
Content Highlight: Asees Nedumangad Talks About His Parents