ഗൃഹപ്രവേശത്തിന് ഒരുപാട് പേരെ വിളിച്ച് പൈസ കളയേണ്ടെന്ന് മമ്മൂക്ക; എന്റെ മറുപടി കേട്ട് അദ്ദേഹം ഞെട്ടി: അസീസ്
Entertainment
ഗൃഹപ്രവേശത്തിന് ഒരുപാട് പേരെ വിളിച്ച് പൈസ കളയേണ്ടെന്ന് മമ്മൂക്ക; എന്റെ മറുപടി കേട്ട് അദ്ദേഹം ഞെട്ടി: അസീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th December 2023, 10:59 am

ഈ വർഷം മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ ഒന്നായിരുന്നു മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്.

നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ സ്‌ക്വാഡ് എന്ന നാൽവർ പൊലീസ് സംഘം ഇന്ത്യയിൽ നടത്തുന്ന യാത്രയാണ് കാണിക്കുന്നത്.

ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം പ്രധാന താരങ്ങളിൽ ഒരാളായി അഭിനയിച്ച നടനാണ് അസീസ് നെടുമങ്ങാട്. ടെലിവിഷൻ കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാള മിനി സ്ക്രീനിലേക്ക് എത്തിയ അസീസിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ പ്രകടനമായിരുന്നു കണ്ണൂർ സ്‌ക്വാഡിലേത്.

കണ്ണൂർ സ്‌ക്വാഡിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ പുതിയ വീട് പണി നടക്കുകയായിരുന്നു എന്ന് അസീസ് മുൻപ് പറഞ്ഞിരുന്നു. വീട് പണിയുടെ കാര്യങ്ങളൊക്കെ താരം മമ്മൂട്ടിയോടും പറയാറുണ്ടായിരിന്നു.

വീടിന്റെ ഹൗസ് വാമിങ്ങ് നടത്തണമെന്ന ആഗ്രഹം മമ്മൂക്കയോട് പറഞ്ഞപ്പോഴുള്ള അദ്ദേഹത്തിന്റെ രസകരമായ മറുപടിയെ കുറിച്ച് പറയുകയാണ് അസീസ്. ഹൗസ് വാമിങ്ങിന്റെ കാര്യം പറഞ്ഞപ്പോൾ വെറുതെ ഒരുപാട് പേരെ വിളിച്ച് പൈസ കളയണ്ട എന്നായിരുന്നു മമ്മൂട്ടി പറഞ്ഞതെന്നും ഹൗസ് വാമിങ്ങ് പോലെത്തന്നെ മമ്മൂക്കയെ വീട്ടിലേക്ക് വിളിക്കുന്നത് തന്റെ ഒരു സ്വപ്നമാണെന്നും ജാങ്കോ സ്പേസ് ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിൽ അസീസ് പറഞ്ഞു.

‘ ഗൃഹപ്രവേശത്തിന് മമ്മൂക്കയെ തീർച്ചയായും ഞാൻ വിളിക്കും. അതെന്റെ ഒരു വലിയ ആഗ്രഹമാണ്. ഹൗസ് വാമിങ്ങിന്റെ കാര്യം മമ്മൂക്കയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്
‘ വെറുതെ ഒരുപാട് ആൾക്കാരെ വിളിച്ച് പൈസയൊന്നും കളയണ്ട.

ലഘുവായിട്ട് വീട്ടുകാരെ മാത്രം വിളിച്ചാൽ മതി എന്നായിരുന്നു. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു, ഇല്ല മമ്മൂക്ക വേണ്ടപ്പെട്ടവരെ മാത്രമേ വിളിക്കുന്നുള്ളൂവെന്ന്. അപ്പോൾ മമ്മൂക്ക അത് മതിയെന്ന് പറഞ്ഞു.

ആ വേണ്ടപ്പെട്ടവരിൽ മമ്മൂക്കയും ഉൾപ്പെടുമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതത്തോടെ, ഹേ എന്ന് പറഞ്ഞു (ചിരി). ഗൃഹപ്രവേശം എന്ന് പറയുന്നത് ഒരു സ്വപ്നമാണ് അതുപോലെ തന്നെ മമ്മൂക്ക വരുന്നതും വേറൊരു സ്വപ്നം,’ അസീസ് പറയുന്നു.

Content Highlight: Asees Nedumangad Talk About His House Warming And Mammooty