ഞാൻ അഭിനയിച്ച കഥാപാത്രത്തിനായി ഒന്നര വർഷം ഓഡിഷൻ നടത്തിയെന്ന് അറിഞ്ഞപ്പോൾ അത്ഭുതമായി: അസീസ് നെടുമങ്ങാട്
Entertainment
ഞാൻ അഭിനയിച്ച കഥാപാത്രത്തിനായി ഒന്നര വർഷം ഓഡിഷൻ നടത്തിയെന്ന് അറിഞ്ഞപ്പോൾ അത്ഭുതമായി: അസീസ് നെടുമങ്ങാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th May 2024, 1:15 pm

എഴുപത്തി ഏഴാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായല്‍ കപാഡി സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. ചലച്ചിത്രമേളയില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാന്‍ പ്രിക്‌സ് അവാര്‍ഡാണ് ചിത്രം സ്വന്തമാക്കിയത്.

ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തില്‍ മലയാളി അഭിനേത്രികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരോടൊപ്പം നടൻ അസീസ് നെടുമങ്ങാടും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

 

അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് താൻ ഈ വേഷത്തെ കുറിച്ച് എല്ലാവരോടും പറയുന്നതെന്നും കേട്ടപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നുവെന്നും അസീസ് പറയുന്നു. തന്റെ വേഷത്തിനായി പായൽ കപാടിയ ഒന്നര വർഷമായി ഓഡിഷൻ നടത്തുന്നുണ്ടെന്ന് അവർ പറഞ്ഞെന്നും മീഡിയ വണ്ണിനോട് അസീസ് പറഞ്ഞു.

‘അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഞാൻ ടൊവിനോയോട് പറയുന്നത്, ഞാൻ അടുത്തത് അഭിനയിക്കുന്നത് പായൽ കപാഡിയയുടെ ഹിന്ദി ചിത്രത്തിലാണെന്ന്.

ഇത് പറയുമ്പോൾ തന്നെ കുറച്ച് ബോംബെ ബേസ്ഡായിട്ടുള്ള ആർട്ടിസ്റ്റുകൾ അവിടെ ഉണ്ടായിരുന്നു. ഈ ചിത്രത്തിൽ പൊലീസ് വേഷമൊക്കെ ചെയ്ത ചിലർ. അവർ എന്നോട് അത്ഭുതത്തോടെ ചോദിച്ചു, ചേട്ടാ പായൽ കബാഡിയയുടെ സിനിമയാണോയെന്ന്. ഞാൻ അവരെ അറിയുമോയെന്ന് ചോദിച്ചപ്പോൾ അവർ ചോദിച്ചു, ഏത്‌ കഥാപാത്രമാണ് ചേട്ടായെന്ന്.

ഞാൻ പറഞ്ഞു, അതിനകത്ത് ഒരു ഡോക്ടർ മനോജിന്റെ വേഷമാണെന്ന്. അപ്പോൾ വേറൊരു പയ്യൻ എന്നോട് പറഞ്ഞു, ചേട്ടാ ആ ഒരു കഥാപാത്രത്തിനായി കഴിഞ്ഞ ഒന്നര വർഷമായി അവർ ഓഡിഷൻ നടത്തി കൊണ്ടിരിക്കുകയാണ്. ഞാൻ അത് കേട്ട് അത്ഭുതത്തോടെ ചോദിച്ചു, ഒന്നര വർഷമായി ആ കഥാപാത്രത്തിനായി ഓഡിഷൻ നടക്കുന്നുണ്ടോയെന്ന്.

മലയാളത്തിൽ ഒരുപാട് പേർ ആ റോളിന് വേണ്ടി ഓഡിഷനിൽ പങ്കെടുത്തിരുന്നു. പേര് ഞാൻ പറയുന്നില്ല. പിന്നെ ഞാൻ പോയിട്ട് കാര്യമില്ലല്ലോ. കാരണം നമ്മുടെ കോമേഴ്‌ഷ്യൽ സിനിമകൾ പോലെയല്ലല്ലോ. അങ്ങനെ ഇരിക്കുമ്പോഴാണ് അവർ വീണ്ടും വിളിച്ചു കൊണ്ടിരുന്നത്. ഞാൻ ചെന്നു, എന്തോ ഭാഗ്യം കൊണ്ട് സെലക്ടായി.

പായൽ കപാഡിയ പറഞ്ഞു, അവരുടെ മാനസിൽ കണ്ട ഡോക്ടർ ഇങ്ങനെ തന്നെയാണെന്ന്. ഹിന്ദി അറിയാത്ത മലയാളി ഡോക്ടറുടെ വേഷമായത് കൊണ്ട് എനിക്ക് അഭിനയിക്കേണ്ടി വന്നില്ല സത്യത്തിൽ( ചിരിക്കുന്നു),’അസീസ് പറയുന്നു.

 

Content Highlight: Asees Nedumangad Talk About His Character In All We Imagine As Light