ടെലിവിഷൻ കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് അസീസ് നെടുമങ്ങാട്. ഈയിടെ തിയേറ്ററിൽ വമ്പൻ വിജയമായി മാറിയ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അസീസ് എത്തിയിരുന്നു. അഭിനയത്തോടൊപ്പം തന്നെ മിമിക്രി രംഗത്തും സജീവമാണ് താരം.
ഈയിടെ നടൻ അശോകൻ, തന്നെ അസീസ് നെടുമങ്ങാട് അനുകരിക്കുന്നത് ഇഷ്ടമല്ലെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് അസീസ്.
അത് പൂർണമായും അദ്ദേഹത്തിന്റെ ഇഷ്ടമാണെന്നും ഒരാൾ തന്നെക്കുറിച്ച് പറയുമ്പോൾ അരോചകമായി തോന്നിയാൽ തുറന്നു പറയുന്നതിൽ തെറ്റില്ലെന്നും അസീസ് പറയുന്നു. എന്നാൽ മുമ്പൊരിക്കൽ തന്നെ അനുകരിക്കുന്നതിൽ അസീസിന്റെ അനുകരണമാണ് തനിക്കിഷ്ടമെന്ന് നടൻ അശോകൻ പറഞ്ഞിരുന്നുവെന്നും പുതിയ ചിത്രം ‘പഴഞ്ചൻ പ്രണയ’ ത്തിന്റെ വാർത്താ സമ്മേളനത്തിൽ താരം കൂട്ടിച്ചേർത്തു.
‘ആ അഭിമുഖം ഞാൻ കണ്ടിരുന്നു. അശോകേട്ടന്റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് അഭിമുഖം അയച്ചുതന്നത്. അത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ. ഇപ്പോൾ എന്നെ ഒരാൾ അംഗീകരിക്കുമ്പോൾ അല്ലെങ്കിൽ എന്നെ കുറിച്ച് ആരെങ്കിലും പറയുമ്പോൾ എനിക്കത് അരോചകമായി തോന്നിയാൽ അത് തുറന്ന് പറയുന്നതിൽ തെറ്റില്ലല്ലോ. അത് പൂർണമായും അദ്ദേഹത്തിന്റെ ഇഷ്ടമാണ്. അദ്ദേഹത്തിന് ചിലപ്പോൾ അങ്ങനെ തോന്നിയിട്ടുണ്ടാവും. പക്ഷെ ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്, ഇനി അശോകേട്ടനെ അനുകരിക്കില്ല. സത്യം.
അശോകൻ ചേട്ടൻ കുറച്ചുകാലം സിനിമയിൽ ഇല്ലെങ്കിലൊക്കെ പ്രേക്ഷകരെ വീണ്ടും ഓർമിപ്പിക്കുന്നത് ഇതുപോലെയുള്ള മിമിക്രി അവതരിപ്പിക്കുന്ന ആളുകളാണ്. പിന്നെ നല്ല വലിപ്പമുള്ള സ്റ്റേജിൽ അത്രയും പ്രേക്ഷകരുടെ മുന്നിൽ പരിപാടി അവതരിപ്പിക്കുമ്പോൾ അത് അവരിലേക്ക് പൂർണമായി എത്താൻ കുറച്ച് ഓവർ ആയിട്ട് ചെയ്തേ പറ്റു. സിനിമയിൽ അഭിനയിക്കുമ്പോൾ അതിന്റെ ആവശ്യമില്ല. നാടകങ്ങളിലെല്ലാം ഡയലോഗുകൾ ഭയങ്കര ഓവറല്ലേ. സിനിമയിൽ അങ്ങനെ പറ്റില്ല.
അദ്ദേഹത്തോടൊപ്പം ഞാൻ വേദികൾ പങ്കിട്ടിട്ടുണ്ട് പല മീഡിയയിലും ഒന്നിച്ചിരുന്നിട്ടുണ്ട്, അദ്ദേഹം എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട് എനിക്ക് ഇഷ്ടം അസീസ് അനുകരിക്കുന്നതാണെന്ന്. ഇപ്പോൾ അശോകേട്ടന് എന്ത് പറ്റിയെന്ന് അറിയില്ല.
ഒരു മനുഷ്യനെ കളിയാക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാവുന്നില്ലെങ്കിൽ നമ്മൾ അവിടെ നിർത്തണം. അത് കൂട്ടുകാരൻ ആണെങ്കിൽ പോലും. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഇനി ഒരിടത്തും ഞാൻ അശോകൻ ചേട്ടനെ അനുകരിക്കില്ല,’ അസീസ് പറയുന്നു.
Content Highlight: Asees Nedumangad Talk About Ashokan