എഴുപത്തി ഏഴാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായല്‍ കപാഡി സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. ചലച്ചിത്രമേളയില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാന്‍ പ്രിക്‌സ് അവാര്‍ഡാണ് ചിത്രം സ്വന്തമാക്കിയത്.
ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തില്‍ മലയാളി അഭിനേത്രികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ലോക സിനിമയുടെ ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. മലയാളം നടന്‍ അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ്.
ഇന്നലെ തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് അസീസ് വിവരം പുറത്തുവിട്ടത്. വാർത്തയറിഞ്ഞപ്പോൾ മമ്മൂട്ടി തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും എന്താണ് പരിപാടിക്ക് പോവാതിരുന്നതെന്ന് ചോദിച്ചെന്നും അസീസ് പറയുന്നു. പൃഥ്വിരാജ് തന്നെ മെൻഷനാക്കി സ്റ്റോറിയിട്ടെന്നും ഒരുപാട് സന്തോഷമുണ്ടെന്നും അസീസ് പറയുന്നു. മീഡിയ വൺ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അസീസ്.
‘സത്യം പറഞ്ഞാൽ എനിക്ക് ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നില്ല. കാരണം ഹിന്ദി അറിയാത്ത മലയാളി ഡോക്ടറാണ്. അതുകൊണ്ട് എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ല.
മമ്മൂക്കയൊക്കെ എനിക്ക് ഇങ്ങോട്ട് മെസ്സേജ് അയച്ചു. നീ എന്താടാ പോവാഞ്ഞത് എന്നൊക്കെ ചോദിച്ചു, ഞാൻ പറഞ്ഞു ഷൂട്ടായിരുന്നുവെന്ന്. പൃഥ്വിരാജൊക്കെ എന്നെ മെൻഷൻ ചെയ്ത് സ്റ്റോറിയൊക്കെ ഇട്ട്. അങ്ങനെ ഒരുപാട് സുഹൃത്തുക്കളൊക്കെ വിളിച്ചിരുന്നു,’അസീസ് നെടുമങ്ങാട് പറയുന്നു.
ആദ്യമായി കാൾ വന്നപ്പോൾ ഹിന്ദിയായത് കൊണ്ട് കസ്റ്റമർ കെയർ ആണെന്ന് കരുതി ഒരുപാട് വട്ടം കട്ട് ചെയ്‌തെന്നും അസീസ് പറഞ്ഞു.
‘നമ്മുടെ അമിതാബച്ചനെയൊക്കെ പോലെ അവിടെയൊക്കെ പോവുക, അതിങ്ങനെ കാൻ, ഓസ്കാർ എന്നൊക്കെ കേൾക്കുകയെന്ന് പറയുന്നത് തന്നെ അത്ഭുതമാണ്. മലയാള സിനിമ എന്നത് തന്നെ നമ്മുടെ ഒരു സ്വപ്നം ആയിരുന്നു. ദൈവനുഗ്രഹം കൊണ്ട് അവിടെ എത്തിപ്പെട്ടു. ഒരിക്കലും പ്രതീക്ഷിക്കാത്തതൊക്കെയാണ് നടന്ന് കൊണ്ടിരിക്കുന്നത്.
സാധാരണ നമ്മുടെ ഫോണിലേക്ക് വരുന്ന ഹിന്ദി കോൾ, കസ്റ്റമർ കെയർ ആണല്ലോ. നമ്മളത് സ്പോട്ടിൽ കട്ട് ചെയ്ത് കളയും. രണ്ട് മൂന്ന് വട്ടം വന്നപ്പോൾ ഞാൻ കട്ട് ചെയ്തു. ഇത് എന്താണെന്ന് ഞാൻ വിചാരിച്ചു,’അസീസ് പറഞ്ഞു.
Content Highlight: Asees Nedumangad Talk About A Message From Mammootty