| Sunday, 1st October 2023, 4:37 pm

കരിപ്പെട്ടി വിവാദമുണ്ടായ സമയമാണ്, അന്ന് തന്നെ ഞാന്‍ സെറ്റിലും കരിപ്പെട്ടി കൊണ്ടുവന്നു: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ടിനിടയില്‍ നടന്ന അനുഭവം പങ്കുവെക്കുകയാണ് അസീസ് നെടുമങ്ങാട്. തന്റെ നാട്ടില്‍ നല്ല കരിപ്പെട്ടി കിട്ടുമെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി അത് കൊണ്ടുവരാന്‍ തന്നോട് പറഞ്ഞുവെന്നും കരിപ്പെട്ടി വിവാദമുണ്ടായ സമയത്താണ് താന്‍ അത് കൊണ്ടു വന്നതെന്നും അസീസ് പറഞ്ഞു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ നാട്ടില്‍ നല്ല കരിപ്പെട്ടി കിട്ടുമെന്ന് ഞാന്‍ വെറുതെ മമ്മൂക്കയോട് പറഞ്ഞു. എന്നാല്‍ നീ ഒരു അഞ്ച് കിലോ കൊണ്ടുവാ എന്ന് മമ്മൂക്ക പറഞ്ഞു. കൊണ്ടുവരാമെന്ന് ഞാന്‍ പറഞ്ഞു. ഷൂട്ട് നടക്കുന്ന സമയത്ത് അഞ്ച് കിലോ കരിപ്പെട്ടിയുമായി എന്റെ ഒരു സുഹൃത്ത് വന്നു. അന്ന് മമ്മൂക്ക കരിപ്പെട്ടി എന്ന് പറഞ്ഞ് അത് വിവാദമായിരിക്കുന്ന സമയമാണ്. അന്ന് ഞാന്‍ കരിപ്പെട്ടി കൊണ്ടുവന്നു. ബെസ്റ്റ് ടൈമിങ് എന്നാണ് മമ്മൂക്ക പറഞ്ഞത്,’ അസീസ് പറഞ്ഞു.

ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണവേയാണ് കരിപ്പെട്ടി വിവാദമുണ്ടായത്. മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞപ്പോള്‍ ‘നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ. കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരിപ്പെട്ടിയാണ്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശത്തിന് പിന്നാലെ മമ്മൂട്ടിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. കറുപ്പിന് എന്താണ് കുഴപ്പമെന്ന് ചോദിച്ചായിരുന്നു മമ്മൂട്ടിക്കെതിരെ വിമര്‍ശകര്‍ തിരിഞ്ഞത്.

അതേസമയം മമ്മൂട്ടിയുടെ പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. വലിയ ഹൈപ്പില്ലാതെ വന്ന ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് വന്‍ ഡിമാന്‍ഡാണ് തിയേറ്ററുകളില്‍. കോരിച്ചൊരിയുന്ന മഴയത്തും നിറഞ്ഞ തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ബുക്കിങ്ങ് പേജുകള്‍ ചുരങ്ങിയ സമയം കൊണ്ട് തന്നെ ഫില്ലാവുകയാണ്.

ഒന്നാം ദിനം 167 സ്‌ക്രീനുകളില്‍ എത്തിയ ചിത്രം നാലാം ദിനമായപ്പോഴേക്കും 330-ലധികം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

Content Highlight: Asees Nedumangad shares his experience during the Kannur squad shoot

Latest Stories

We use cookies to give you the best possible experience. Learn more