കനിയും ദിവ്യ പ്രഭയും മാത്രമല്ല; കാനില്‍ തിളങ്ങിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റില്‍ മലയാളികളുടെ പ്രിയ നടനും
Entertainment
കനിയും ദിവ്യ പ്രഭയും മാത്രമല്ല; കാനില്‍ തിളങ്ങിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റില്‍ മലയാളികളുടെ പ്രിയ നടനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th May 2024, 4:06 pm

എഴുപത്തി ഏഴാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായല്‍ കപാഡി സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. ചലച്ചിത്രമേളയില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാന്‍ പ്രിക്‌സ് അവാര്‍ഡാണ് ചിത്രം സ്വന്തമാക്കിയത്.

ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തില്‍ മലയാളി അഭിനേത്രികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേന്ദ്ര കഥാപാത്രത്തില്‍ തിരുവനന്തപുരം സ്വദേശിയായ ഹൃദു ഹാറൂണും അഭിനയിക്കുന്ന കാര്യം ട്രെയ്‌ലര്‍ വന്നപ്പോള്‍ പ്രേക്ഷകരിലേക്കെത്തിയ വാര്‍ത്തയാണ്.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ലോക സിനിമയുടെ ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. മലയാളം നടന്‍ അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ്. അസീസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കൂടി സ്ഥിരീകരിച്ചത്.

മലയാളികളായ കനിയും ദിവ്യ പ്രഭയും ഹൃദു ഹാറൂണും ചലച്ചിത്ര മേളയില്‍ തിളങ്ങിയപ്പോള്‍, സോഷ്യല്‍ മീഡിയയിലൂടെയാണ് അസീസിന് അഭിനന്ദന പ്രവാഹം എത്തുന്നത്. ചിത്രത്തില്‍ താനും ഒരു പ്രധാന റോളില്‍ അഭിനയിച്ചു എന്ന് വെളിപ്പെടുത്തി അസീസ് തന്നെയാണ് സംവിധായകയോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

നാലു മലയാളി താരങ്ങള്‍ ആണ് പുരസ്‌കാരം സ്വന്തമാക്കിയ ചിത്രത്തിന്റെ കേന്ദ്ര അഭിനേതാക്കള്‍ എന്നത് മലയാളികള്‍ക്കും ഏറ്റവും അഭിമാനിക്കാവുന്ന നിമിഷമാണ് സമ്മാനിക്കുന്നത്. ഡോക്ടര്‍ മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

അസീസിനെ കുറിച്ച് കനി കുസൃതി അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പലരും ചിത്രത്തില്‍ അസീസ് അഭിനയിച്ചെന്ന കാര്യം അറിയുന്നത്. ഇതോടെ ചലച്ചിത്ര മേഖലയില്‍ നിന്നും പുറത്ത് നിന്നുമുള്ള നിരവധി ആളുകളാണ് അസീസിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ സിനിമ കാന്‍ ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലെത്തുന്നത്. 1994ല്‍ ഷാജി എന്‍. കരുണിന്റെ ‘സ്വം’ മത്സര വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു. മുംബൈ നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി നേഴ്‌സ്മാരായ പ്രഭയും അനുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വലിയ നഗരത്തില്‍ അവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെയും അവര്‍ക്കുണ്ടാവുന്ന ബന്ധങ്ങളുടെയും കഥയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. പി.ആര്‍.ഒ. – പ്രതീഷ് ശേഖര്‍.

Content Highlight: Asees Nedumangad In All We Imagine As Light