കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് അസീസ് നെടുമങ്ങാടും ശബരീഷ് വര്‍മയും. മമ്മൂട്ടിയുടെ സ്ഥാനത്ത് മോഹന്‍ലാല്‍ ഒഴിച്ച് മറ്റൊരു നടനാണെങ്കില്‍ ബഹുമാനം അഭിനയിക്കേണ്ടി വരുമെന്നും എന്നാല്‍ ഇവിടെ അഭിനയിക്കേണ്ടി വന്നില്ലെന്നും അസീസ് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയുടെ സ്ഥാനത്ത് വേറെ ഒരു ആക്ടറാണെങ്കില്‍, ലാലേട്ടന്‍ ഒഴികെ, റെസ്‌പെക്ട് കൊടുക്കാന്‍ വേണ്ടി അഭിനയിക്കണം. പക്ഷേ ഇവിടെ അഭിനയിക്കേണ്ട കാര്യമില്ല. കാരണം മമ്മൂക്ക എന്ന് പറയുന്ന നമ്മുടെ ഒരു ജ്യേഷ്ഠന്‍ അല്ലെങ്കില്‍ ഒരു ഗോഡ്ഫാദര്‍ എന്നൊരു സാധനം മനസില്‍ കിടക്കുന്നതുകൊണ്ട് അങ്ങനെ അങ്ങ് നിന്നാല്‍ മതി,’ അസീസ് പറഞ്ഞു.
സ്‌ക്വാഡിനിടയില്‍ കെമിസ്ട്രി കൊണ്ടുവരുന്നതില്‍ മമ്മൂട്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശബരീഷും കൂട്ടിച്ചേര്‍ത്തു. ‘ഭയങ്കരമായി ഞെട്ടിക്കുന്ന രീതിയില്‍ മമ്മൂക്ക നമ്മളെ കംഫര്‍ട്ട് സോണിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നടനെന്ന നിലയില്‍ അതൊരു സ്‌ക്വാഡാക്കി മാറ്റുന്നതില്‍ മമ്മൂക്കയുടെ പങ്കും ഞങ്ങളോട് പെരുമാറിയ രീതിയും വലിയ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. പടം കാണുമ്പോള്‍ ആ കെമിസ്ട്രി വര്‍ക്കായത് പടത്തില്‍ ശരിക്ക് കാണാന്‍ പറ്റും,’ ശബരീഷ് പറഞ്ഞു.
അതേസമയം മികച്ച പ്രതികരണമാണ് കണ്ണൂര്‍ സ്‌ക്വാഡിന് ആദ്യ ദിനം മുതല്‍ ലഭിച്ചത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കുന്നത്. കേരളത്തിന് പുറത്തും മമ്മൂട്ടി ചിത്രം മികച്ച നേട്ടമാണുണ്ടാക്കുന്നത് എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.
മലയാള സിനിമയുടെ കേരളത്തിന് പുറത്തുള്ള പരമ്പരാഗത മാര്‍ക്കറ്റുകള്‍ മലയാളികള്‍ ഏറെയുള്ള ചെന്നൈയും ബെംഗളൂരുവുമാണ്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോള്‍ അത്തരത്തില്‍ പ്രേക്ഷകശ്രദ്ധ നേടുന്നത് ബെംഗളൂരുവില്‍ ആണ്.
ബെംഗളൂരു നഗരത്തില്‍ ഇന്ന് മറ്റ് ഏത് ഇന്ത്യന്‍ ചിത്രത്തേക്കാള്‍ പ്രേക്ഷകരെത്തിയത് കണ്ണൂര്‍ സ്‌ക്വാഡ് കാണാനാണ്.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
Content Highlight: Asees Nedumangad and Shabarish Verma share their experience of acting with Mammootty in Kannur Squad