|

ഒരു തല്ലുകൊള്ളിയാണ് എന്ന് പറഞ്ഞാണ് മമ്മൂക്ക ആ സിനിമയിലേക്ക് എന്നെ നിർദേശിച്ചത്: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആക്ഷന്‍ ഹീറോ ബിജു, വണ്‍, ജയ ജയ ജയ ജയ ഹേ, മിന്നല്‍ മുരളി, സി.ബി.ഐ 5: ദ ബ്രെയിന്‍, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അസീസ് നെടുമങ്ങാട്.

ടെലിവിഷന്‍ പരിപാടികളില്‍ ഹാസ്യ നടനായാണ് അസീസിന്റെ തുടക്കം. തുടക്കകാലത്ത് ഹാസ്യ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചിരുന്ന അസീസ് ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിയന മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

അജു വർഗീസ് അവതരിപ്പിക്കേണ്ട കഥാപാത്രമാണ് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ തനിക്ക് ലഭിച്ചതെന്നും ചെറിയ കഥാപാത്രമാണെങ്കിലും അത് നന്നായി ശ്രദ്ധിക്കപ്പെട്ടെന്നും അസീസ് പറയുന്നു. പരോൾ എന്ന സിനിമയിൽ മമ്മൂട്ടി കാരണമാണ് തനിക്ക് അഭിനയിക്കാൻ കഴിഞ്ഞതെന്നും അന്നൊരു സ്റ്റേജ് പരിപാടിയുടെ ഭാഗമായി തല്ലുകൊണ്ടിരിക്കുന്ന സമയമായിരുന്നുവെന്നും അസീസ് കൂട്ടിച്ചേർത്തു.

‘യഥാർഥത്തിൽ ആക്ഷൻ ഹീറോ ബിജുവിലേത് അജു വർഗീസിനുവേണ്ടിയുള്ള കഥാപാത്രമായിരുന്നു. ചീട്ടുകളിക്കാരിൽ ഒരാൾ മാത്രമായിരുന്നു ഞാൻ. എന്റെ ഭാഗ്യം കൊണ്ട് അജുവിന് വരാൻ കഴിഞ്ഞില്ല. അപ്പോഴും ഞങ്ങൾ നാലു ചീട്ടുകളിക്കാരിൽ ആർക്കാണ് നിവിൻ പോളിയുമായുള്ള കോമ്പിനേഷൻ സീൻ ഉണ്ടാവുക എന്ന് അറിയില്ലായിരുന്നു. ചീട്ടുകളി സീൻ കണ്ടിട്ടാണെന്നു തോന്നുന്നു എബ്രിഡ് ഷൈൻ എന്നെ സെലക്റ്റ് ചെയ്ത‌ത്‌. ഒന്നോ രണ്ടോ ഡയലോഗേ ഉള്ളു എങ്കിലും അത് ക്ലിക്കായി. അറിഞ്ഞുകൊണ്ടല്ലെങ്കിലും ചെയ്‌ത ഉപകാരത്തിന് അജു വർഗീസിനു നന്ദി.

മമ്മുക്ക അഭിനയിച്ച പരോൾ എന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്ന സമയം എൻ്റെ സുഹൃത്ത് അജിത് പൂജപ്പുരയാണ് തിരക്കഥ. അതിൽ കൊട്ടാരം വാസു എന്നൊരു ചെറിയ കഥാപാത്രം എനിക്കുണ്ട്. ചർച്ചയ്ക്കിടയിൽ മമ്മൂക്ക ചോദിച്ചു. ‘ഈ കൊട്ടാരം വാസു എന്ന കഥാപാത്രത്തെ ആരാണ് ചെയ്യുന്നത്?’ എന്താണ് ഉദ്ദേശിക്കുന്നതെന്നു പിടികിട്ടാഞ്ഞതു കൊണ്ട് ആരെ വേണമെന്ന് തീരുമാനിച്ചില്ല എന്നായിരുന്നു അവരുടെ മറുപടി.

അപ്പോൾ മമ്മൂക്ക പറഞ്ഞു. ‘അസീസ് നെടുമങ്ങാട് എന്നൊരു നടനുണ്ട്. ഒരു തല്ലുകൊള്ളിയാണ്. ഈ കഥാപാത്രം അവൻ ചെയ്യും. ഞാനന്ന് ഒരു സ്‌റ്റേജ് പരിപാടിക്ക് താമസിച്ചുപോയതിൻ്റെ പേരിൽ കമ്മിറ്റിക്കാരുടെ തല്ലു കൊണ്ടു നിൽക്കുന്ന സമയം. ആ വാർത്ത പത്രങ്ങളിലെല്ലാം വന്നിരുന്നു. അങ്ങനെ കൊട്ടാരം വാസുവിനെ കിട്ടി. പിന്നെ മമ്മൂക്കയുടെ വൺ എന്ന സിനിമയിൽ ഓട്ടോറിക്ഷക്കാരനായി. അതിനു ശേഷം കണ്ണൂർ സ്‌ക്വാഡ്,’അസീസ് നെടുമങ്ങാട് പറയുന്നു.

Content Highlight: Asees Nedumangad About Mammootty And Parol Movie

Video Stories