Film News
'ഞാൻ അമാനുഷികനല്ലെന്ന്' മമ്മൂട്ടി; ആ സീൻ ഒഴിവാക്കി; അതെനിക്ക് സങ്കടമായി: അസീസ് നെടുമങ്ങാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 18, 10:56 am
Wednesday, 18th October 2023, 4:26 pm

കണ്ണൂർ സ്ക്വാഡിലെ ഒഴിവാക്കിയ രംഗങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അസീസ് നെടുമങ്ങാട്. സിനിമയിൽ മമ്മൂട്ടിക്ക് ഗംഭീരമായ ഫൈറ്റ് സീനുകൾ ഉണ്ടായിരുന്നെന്നും അത് മമ്മൂട്ടി കണ്ടതിന് ശേഷം ഒഴിവാക്കാൻ പറഞ്ഞതാണെന്നും അസീസ് പറഞ്ഞു. പടത്തിൽ ഒരു പയ്യൻ വന്ന് മമ്മൂട്ടിയെ അടിക്കുന്നത് അദ്ദേഹം ചോദിച്ച് വാങ്ങിയതാണെന്നും അസീസ് കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്സ് ഐസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഇതിനേക്കാൾ മാരക ഫൈറ്റ് ഉണ്ടായിരുന്നു. മമ്മൂക്കയുടെ കുറെ ഷോട്ടുകൾ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്തതിനു ശേഷം മമ്മൂക്കയുടെ വീട്ടിൽ ചെന്ന് കാണിക്കുമല്ലോ. കാണിച്ചപ്പോൾ മമ്മൂക്ക പറഞ്ഞു ‘നമ്മുടെ സിനിമക്ക് ഇത്രയും വേണ്ട, ഇത്രയും ഈ സിനിമക്ക് പറ്റിയതല്ല’.

ആ ഫൈറ്റ് സീനുകളുടെ സമയത്ത് അദ്ദേഹത്തിനെ അമാനുഷികനായി തോന്നി. അതു കഴിഞ്ഞിട്ട് സാധാരണ മനുഷ്യനായി തോന്നും. മമ്മൂക്ക പറഞ്ഞു അത് വേണ്ട എന്ന്. മമ്മൂക്കയുടെ അതിഗംഭീരമായ ഫൈറ്റ് സീനുകൾ ഉണ്ടായിരുന്നു. അത് ഒഴിവാക്കിയപ്പോൾ സങ്കടമായി. നമ്മൾ ഫൈറ്റ് മാത്രം എഡിറ്റ് ചെയ്ത് കണ്ടപ്പോൾ അതിഗംഭീരമായിരുന്നു.

പക്ഷേ സിനിമയിൽ നേരിട്ട് കണ്ടപ്പോൾ അത് ഒഴിവാക്കിയതിൽ സങ്കടമുണ്ടായിരുന്നു. പക്ഷേ മമ്മൂക്ക അത് പറഞ്ഞപ്പോൾ ഞങ്ങൾക്ക് മനസിലായി അതൊക്കെ ഈ സിനിമക്ക് പറ്റിയ കാര്യങ്ങളല്ല എന്ന്.

രണ്ടാമത് സിനിമയിൽ ആ പയ്യൻ അടിക്കുന്ന ഒരു അടി മമ്മൂക്കക്ക് കൊള്ളുന്നുണ്ട്. ആ അടി മമ്മൂക്ക ചോദിച്ചു വാങ്ങിയതാണ്. മമ്മൂക്ക ഫൈറ്റ് മാസ്റ്ററുടെ അടുത്ത് പറഞ്ഞു ‘ഞാൻ ഈ സിനിമയിൽ അമാനുഷികനൊന്നുമല്ല, സാധാരണക്കാരനായ ഒരു പോലീസ് ഓഫീസർ ആണ്’ എന്ന്. ശരിക്കും അവർക്ക് ഒരുപാട് അടിയൊക്കെ കിട്ടിയിട്ടുണ്ട്. ജോസ് കറിയ എന്ന എന്റെ ക്യാരക്ടറിന് തലയ്ക്ക് മുകളിൽ ഒരു മുറിവ് വെച്ചിട്ടുണ്ട്.

ശരിക്കുള്ള കണ്ണൂർ സ്ക്വാഡിൽ ആളുടെ തലയിൽ ഞാൻ ആ പാട് കണ്ടിരുന്നു. അത് കണ്ടിട്ടാണ് ഞാൻ റോണിയോട് പറഞ്ഞത് നമുക്ക് അങ്ങനെ ഒന്ന് വെച്ചാലോ എന്ന്. അപ്പോൾ റോണി അത് കൊള്ളാമെന്ന് പറഞ്ഞു,’ അസീസ് നെടുമങ്ങാട് പറയുന്നു.

Content Highlight: Asees nedumangad about kannur squad deleted scenes