| Wednesday, 12th February 2014, 9:17 am

അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ ഹേമന്ദ് കാര്‍ക്കറെയുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]

മുംബൈ: ഭീകരാക്രമണങ്ങളില്‍ ആര്‍.എസ്.എസ് പങ്ക് വ്യക്തമാക്കുന്ന സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) മേധാവി ഹേമന്ദ് കാര്‍ക്കറെയുടെ കണ്ടെത്തലുകള്‍.

2008 ലെ മാലഗേവ് സ്‌ഫോടന കേസ് അന്വേഷണത്തിനിടെയാണ് ഹേമന്ദ് കാര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ്  സംഘപരിവാറിന് രാജ്യത്ത് നടക്കുന്ന സ്‌ഫോടനങ്ങളിലുള്ള പങ്ക് കണ്ടെത്തിയത്.

സ്‌ഫോടനങ്ങള്‍ നടത്താന്‍ അസീമാനന്ദയാണ് നേതൃത്വം നല്‍കിയതെന്നാണ് കാര്‍ക്കരയുടെ കണ്ടെത്തല്‍. 2006ല്‍ ഗുജറാത്തില്‍ അസീമാനന്ദ നടത്തിയ ശബരി കുഭംമേളയായിരുന്നു ഗൂഡാലോചനയുടെ പ്രധാന വേദിയെന്നും കര്‍ക്കരെ കണ്ടെത്തിയിരുന്നു.

നരേന്ദ്ര മോഡിയടക്കം ബി.ജെ.പിയിലെയും ആര്‍.എസ്.എസിലേയും പ്രമുഖര്‍ ഈ മേളയില്‍ പങ്കെടുത്തിരുന്നു. മലേഗാവ് സ്‌ഫോടന കേസ് പ്രതി സന്യാസിനി പ്രജ്ഞാ സിങ് താക്കൂറിന്റെ സഹായി സുനില്‍ ദാവ്്‌ഡെയുടെ മൊബൈല്‍ ഫോണാണ് കര്‍ക്കരയുടെ അന്വേഷണം അസീമാനന്ദയിലേക്ക് വഴിതിരിച്ചത്.

സ്‌ഫോടന പദ്ധതികളെക്കുറിച്ച് അസീമാനന്ദ പ്രജ്ഞാ സിങുമായി സംസാരിച്ചത് സുനിലിന്റെ മൊബൈല്‍ ഫോണിലുടെയാണ്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഗുജറാത്ത് സര്‍ക്കാറും പോലീസും കര്‍ക്കരെയോട് സഹകരിച്ചിരുന്നു. എന്നാല്‍ അന്വേഷണം അസീമാനന്ദയിലേക്ക് തിരിഞ്ഞതോടെ ഇവര്‍ പിന്മാറുകയാണുണ്ടായത്.

മതിയായ രേഖകളില്ലെന്ന് പറഞ്ഞ് അന്നത്തെ ഗുജറാത്ത് ഡി.ജി.പി ശിവാനന്ദ് മടക്കിയയച്ചു. അതേ സമയം അന്വേഷണം തന്നിലേക്ക് തിരിഞ്ഞതോടെ അസീമാനന്ദ ആന്‍ഡമാനിലേക്ക് കടന്നെന്നാണ് എ.ടി.എസിന് ലഭിച്ച വിവരം.

മുംബൈ ഭീകരാക്രമണത്തിനിടെ കാര്‍ക്കരെ കൊല്ലപ്പെട്ടതോടെ അന്വേഷണം നിലച്ചു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെയും ഇന്ദ്രേഷ് കുമാറിനെയും വധിക്കാന്‍ അഭിനവ് ഭാരത് പ്രവര്‍ത്തകര്‍ പദ്ധതിയിട്ടതും കര്‍ക്കരയുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

അതേ സമയം ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പങ്ക് സംബന്ധിച്ച അസീമാനന്ദയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more