അസീമാനന്ദയ്ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍
India
അസീമാനന്ദയ്ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2014, 9:55 am

                                                                                                                                              [share]

[] ന്യൂദല്‍ഹി: രാജ്യത്ത് നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ് പിന്തുണ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലിന് പുറമെ ഹിന്ദുത്വ നേതാവ് അസീമാനന്ദയ്ക്ക് കേരളത്തിലും ബന്ധം.

കാരവന്‍ മാസികയുടെ പുതിയ ലക്കത്തിലാണ് ഈ വെളിപ്പെടുത്തല്‍. രാജ്യം മുഴുവനുമുള്ള ആദിവാസി മേഖലകളിലെ പ്രവര്‍ത്തനത്തിന് തന്നെ നിയോഗിച്ചത് മലയാളിയായ ഭാസ്‌കര റാവുവാണെന്നാണ് അസീമാന്ദ വ്യക്തമാക്കിയത്.

അമൃതാനന്ദമയീ മഠത്തിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളോട് ഏറ്റുമുട്ടുന്ന തങ്ങളുടെ പ്രവര്‍ത്തകരെ കാണാനാണ് ജയിലിലെത്തിയത്. ആദിവാസി സമരം നയിക്കുന്ന സി.കെ ജാനുവിനെയും കണ്ടു. വര്‍ക്കലയില്‍ ഏറെക്കാലം താമസിച്ചിട്ടുമുണ്ടെന്നാണ് അസീമാനന്ദയുടെ വെളിപ്പെടുത്തല്‍.

ആര്‍.എസ്.എസ് വിഭാഗമായ വനവാസി കല്യാണ്‍ ആശ്രമിന്റെ സംഘാടക സെക്രട്ടറിയായിരുന്ന ആര്‍.എസ്.എസ് പ്രചാരക് ഭാസ്‌കരറാവുവാണ് തന്നെ ആന്‍ഡമാനിലേക്കയച്ചത്. അവിടെ ക്ഷേത്രങ്ങളുണ്ടാക്കി ആയിരക്കണക്കിന് ക്രിസ്ത്യാനികളെ മതപരിവര്‍ത്തനം നടത്തി.

മ്യാന്മറില്‍ നിന്ന് കേരളത്തിലേക്ക് വന്ന ഭാസ്‌കരറാവു തന്റെ പ്രവര്‍ത്തനം രാജ്യവ്യാപകമാക്കമണമെന്ന് പറഞ്ഞു. എന്നാല്‍ ആത്മവിശ്വാസമില്ലാതിരുന്നതിനാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിച്ച് വരുന്ന ഡാങ്കില്‍ പോയി പ്രവര്‍ത്തനം തുടങ്ങി-അസീമാനന്ദ വെളിപ്പെടുത്തി.

10 ദിവസം കൊണ്ട് 40000 ക്രിസ്ത്യാനികളെ ഹിന്ദുക്കളാക്കി. 30 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് അമ്പലങ്ങളാക്കി. ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഈ വിഷയമുന്നെയിച്ചെങ്കിലും ബി.ജെ.പി സര്‍ക്കാറായതുകൊണ്ട് അത് വിലപോയില്ല.

ഈ വിഷയമുന്നയിച്ച് അമേരിക്കയില്‍ നിന്നും വത്തിക്കാനില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ നേതാക്കളും മുന്നോട്ട് വന്നിരുന്നു.ഡാങ്കിലെ പ്രവര്‍ത്തനം രാജ്യത്തിന് മൊത്തം മാതൃകയായിരിക്കുമെന്നും ഭാസ്‌കരറാവു പറഞ്ഞതായി അസീമാനന്ദ വെളിപ്പെടുത്തി.

അസീമാനന്ദയുമായുള്ള അഭിമുഖം നേരത്തെ വിവാദമായിരുന്നു. എന്നാല്‍ കാരവന്‍ മാസിക തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു.