സംഝോത സ്‌ഫോടനക്കേസ്: സ്വാമി അസീമാനന്ദിന് ജാമ്യം
Daily News
സംഝോത സ്‌ഫോടനക്കേസ്: സ്വാമി അസീമാനന്ദിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th August 2014, 5:25 pm

aseemanand[] ന്യൂദല്‍ഹി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് പ്രതി സ്വാമി അസീമാനന്ദയ്ക്ക്‌ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.എസ് സരോണ്‍, ജസ്റ്റിസ് ലിസ ഗില്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് അഭിനവ് ഭാരത് പാര്‍ട്ടി അംഗം അസീമാനന്ദയ്ക്ക്‌ ജാമ്യം അനുവദിച്ചത്.

2007 ഫെബ്രുവരി 18ന് പാനിപത്തിനടുത്തുള്ള ദിവാനി ഗ്രാമത്തില്‍ നടന്ന സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലാണ് 2010 ഡിസംബര്‍ 26ന് അസീമാനന്ദയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനികളുള്‍പ്പെടെ 68 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലക്കുറ്റത്തിനും രാജ്യദ്രോഹത്തിനുമാണ് അസീമാനന്ദക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ അന്വേഷണ ഏജന്‍സി കേസെടുത്തത്.

തനിക്കെതിരായ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുകളില്ലെന്ന് വാദിച്ച  അസിമാനന്ദ ജാമ്യം ആവശ്യപ്പെട്ട്  നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2007ല്‍ 14 പേര്‍ കൊല്ലപ്പെട്ട ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ എന്നീ സ്‌ഫോടനക്കേസുകളിലായാണ് അസീമാനന്ദ അറസ്റ്റിലായത്.

ഈ വര്‍ഷം ആദ്യം ഒരു ഇംഗ്ലീഷ് മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതാണ് സ്‌ഫോടനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന അസീമാനന്ദിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.