| Thursday, 10th September 2015, 4:53 pm

'ഏറ്റവും ശുദ്ധമായ വെള്ളം; ഡോക്ടര്‍മാരുടെ ആദ്യ ചോയ്‌സ്': പ്യൂരിഫൈര്‍ കമ്പനിയുടെ പരസ്യം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ഏറ്റവും ശുദ്ധവും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതുമായ ബ്രാന്‍ഡ് എന്ന പേരില്‍ കെന്റ് പ്യൂരിഫൈര്‍ പുറത്തിറക്കുന്ന പരസ്യം പിന്‍വലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യണമെന്ന് അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ( എ.എസ്.സി.ഐ)യുടെ നിര്‍ദേശം.

“ഏറ്റവും ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ ആദ്യ ചോയ്‌സ്” തുടങ്ങിയ കമ്പനിയുടെ പരസ്യത്തിലുള്ള അവകാശ വാദങ്ങള്‍ ശരിയല്ലെന്നും കൗണ്‍സിലിന്റെ കണ്‍സ്യൂമര്‍ കംപ്ലെയിന്റ്‌സ് സെല്‍ ഉത്തരവിട്ടിട്ടുണ്ട്.

പരസ്യത്തില്‍ കമ്പനിയുടെ അവകാശവാദങ്ങളെ ശരിവെക്കുന്ന പഠനത്തെയും കൗണ്‍സില്‍ ചോദ്യം ചെയ്തിട്ടുണ്ട്. വുമണ്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്ന എന്‍.ജി.ഒ നടത്തിയ പഠന വിവരങ്ങളാണ് പരസ്യത്തില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ ഈ എന്‍.ജി.ഒ സുപരിചിതമല്ലെന്നും പഠനം നടത്തിയവരെ കുറിച്ചുള്ള വിവരം കമ്പനി നല്‍കിയിട്ടില്ലെന്നും കൗണ്‍സില്‍ അറിയിച്ചു.

മലയാളിയായ ഡോക്ടര്‍ കെ.വി ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെന്റ് പ്യൂരിഫൈയറിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മാര്‍ക്കറ്റില്‍ വില്‍പനക്കുള്ള വസ്തുക്കള്‍ക്ക് ഡോക്ടര്‍മാര്‍ പ്രചാരകരാകരുതെന്ന നിയമം നിലനില്‍ക്കെയാണ് ഡോക്ടര്‍മാരുടെ പേര് ചേര്‍ത്ത് കമ്പനി പരസ്യമിറക്കിയതെന്ന് കെ.വി ബാബു ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more