| Thursday, 26th April 2018, 12:55 pm

ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസിലെ വിധിക്കു പിന്നാലെ ബി.ജെ.പിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി അനുയായികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള ജോധ്പുര്‍ കോടതി വിധിക്കു പിന്നാലെ ബി.ജെ.പിക്കെതിരെ കാംപെയ്‌നുമായി അനുയായികള്‍. ബാപ്പുവിന്റെ ഈ അവസ്ഥക്കു പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ അനുയായികള്‍ “ബി.ജെ.പിയെ ബഹിഷ്‌കരിക്കുക” എന്ന കാംപെയ്‌ന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബുധനാഴ്ച ആശാറാം ബാപ്പു കുറ്റക്കാരനാണെന്നുള്ള കോടതി വിധി ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അനുയായികള്‍ പറഞ്ഞു. യു.പി, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 4 കോടിയോളം അനുയായികള്‍ ആശാറാം ബാപ്പുവിനുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ നീങ്ങുമെന്ന് ആശാറാം ബാപ്പുവിന്റെ അനുയായികള്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. വിധിയില്‍ ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിച്ചിട്ടുണ്ടാവാമെന്നും അവര്‍ ആരോപിച്ചു.


Also Read: പ്രിയ നരേന്ദ്രമോദീ,..ഞങ്ങള്‍ക്ക് മരിക്കാനുള്ള അനുമതി നല്‍കണം: പ്രധാനമന്ത്രിക്കും ഗുജറാത്ത് മുഖ്യമന്ത്രിയ്ക്കും കത്തയച്ച് ഗുജറാത്തിലെ 5000 കര്‍ഷകര്‍


അതേസമയം, ഇത്തരം കേസുകള്‍ ആശാറാം ബാപ്പുവിനേ പോലുള്ള സന്യാസിമാരുടെ പ്രതിച്ഛായയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെട്ടിച്ചമക്കുന്നതാണെന്നും കോടതിയുടെ നിരീക്ഷണം രാജ്യത്തിന്റെയും ഹിന്ദുക്കളുടേയും സനാതന ധര്‍മ്മത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി. വന്‍സാര പ്രതികരിച്ചു. ബാപ്പു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും അത് “അനുചിതമായ ഒരു സ്പര്‍ശം മാത്രം” ആയിരുന്നു എന്നും ആശാറാം ബാപ്പുവിന്റെ കടുത്ത അനുയായിയും ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതിയുമായ ഡി.ജി. വന്‍സാര പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ അശാറാമിനെതിരായ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.


Watch DoolNews Video:

We use cookies to give you the best possible experience. Learn more