| Tuesday, 24th April 2018, 11:03 pm

ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസിലെ വിധി ബുധനാഴ്ച; 3 സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോധ്പൂര്‍: ആള്‍ദൈവം ആസാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസിലെ വിധിക്കു മുന്നോടിയായി മൂന്നു സംസ്ഥാനങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം. കേസില്‍ ജോധ്പൂര്‍ കോടതിയുടെ വിധി വരാനിരിക്കെയാണ് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് ആശാറാം ബാപ്പുവിന്റെ ബലാത്സംഗക്കേസിലെ വിധി വരാനിരിക്കുന്നത്. ഈ അവസരത്തില്‍ സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ നടക്കാതിരിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തണമെന്നും മൂന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Also Read:ബംഗാളില്‍ സി.പി.ഐ.എം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം; പത്രിക സമര്‍പ്പിക്കാന്‍ എത്തിയ വനിതാ സ്ഥാനാര്‍ത്ഥിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു


രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയിലുമാണ് രാജ്യത്ത് കൂടുതല്‍ ആശാറാം അനുയായികളുള്ളത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്തും ജോധ്പൂരിലെ വിചാരണ കോടതി പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയും കോടതി ജീവനക്കാരും ആശാറാമും വിധിക്ക് ശേഷം കോടതിമുറിയില്‍ തന്നെ നില്‍ക്കുമെന്ന് ഡി.ഐ.ജി വിക്രം സിംഗ് അറിയിച്ചു.

2013 ആഗസ്റ്റിലാണ് പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആശാറാം ബാപ്പു ജയിലിലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്.

ആ കേസ് നടന്നുകൊണ്ടിരിക്കെ സൂറത്തിലെ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പുവും, മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പെണ്‍കുട്ടികള്‍ രംഗത്തുവന്നിരുന്നു. പരാതിയെ തുടര്‍ന്ന് ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Watch doolnews video:

We use cookies to give you the best possible experience. Learn more