|

ജീവപര്യന്തം തടവുശിക്ഷ അതിക്രൂരമെന്ന് ആസാറാം ബാപ്പു; ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഗവര്‍ണര്‍ക്ക് ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോധ്പുര്‍: ജീവപര്യന്തം തടവുശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഗവര്‍ണര്‍ക്ക് ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ദയാഹരജി. തന്റെ പ്രായം പരിഗണിക്കുമ്പോള്‍ ജീവപര്യന്തം തടവുശിക്ഷ അതിക്രൂരമാണെന്നാണ് ഹരജിയില്‍ ആള്‍ദൈവത്തിന്റെ വാദം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ആസാറാം ബാപ്പു ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത്.

ജീവപര്യന്തം തടവുശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ആസാറാം ബാപ്പുവിന്റെ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ക്കായി ഗവര്‍ണര്‍ കല്യാണ്‍ സിങ് സംസ്ഥാന സര്‍ക്കാരിന് അയച്ചിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആസാറാം ബാപ്പു ഇപ്പോള്‍ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.

വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ ആസാറാമിന്റെ ഹര്‍ജി ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

ALSO READ: കന്യാസ്ത്രീകളുടെ പോരാട്ടവീര്യത്തിന് അഭിവാദ്യം; ‘വായ മൂടെടാ പി.സി’ ക്യാംപെയ്ന്‍ ഏറ്റെടുത്ത് പാര്‍വതിയും

ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും റിപ്പോര്‍ട്ട് തേടാനാണ് ജയില്‍ അധികൃതരുടെ തീരുമാനം. ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ആണ് ജോധ്പൂര്‍ കോടതി ആസാറാം ബാപ്പുവിന് ജിവപര്യന്തം തടവുശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ആസാറാം ജോധ്പൂര്‍ ജയിലില്‍ കഴിയുകയാണ്. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും അനധികൃതമായി തടങ്കലില്‍ വെച്ചതിനും ആസാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

WATCH THIS VIDEO:

Latest Stories